പരപ്പനങ്ങാടി യു.ഡി.എഫിൽ വീണ്ടും ഭിന്നത
text_fieldsപരപ്പനങ്ങാടി: നഗരസഭ തെരഞ്ഞെടുപ്പോടെ രമ്യതയിലായ പരപ്പനങ്ങാടിയിലെ മുസ്‍ലിംലീഗ് - കോൺഗ്രസ് ബന്ധത്തിൽ വീണ്ടും വിള്ളൽ. സംസ്ഥാന സർക്കാറിനെതിരെ സംഘടിപ്പിച്ച സമരങ്ങൾ യു.ഡി.എഫ് ചെയർമാനടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം ബഹിഷ്കരിച്ചു.
മുനിസിപ്പൽ ഭരണതലത്തിൽ രണ്ട് സ്ഥിരംസമിതി ചെയർമാനുണ്ടായിട്ടും ഭരണകാര്യങ്ങളിലെ നയപരമായ ആലോചനകളിൽനിന്ന് ലീഗ് തങ്ങളെ അകറ്റിനിർത്തുന്നെന്നാണ് കോൺഗ്രസിന്റെ പരാതി. സി.പിഎമ്മിന് നൽകുന്ന പരിഗണനപോലും ലീഗ് നേതൃത്വവും മുനിസിപ്പൽ ഭരണനേതൃത്വവും തങ്ങൾക്ക് നൽകുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.
ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസ് നേതാക്കൾ ലീഗിനെതിരെ കടുത്ത നിലപാട് കൈക്കൊള്ളണമെന്നും ലീഗിന് ഭരിക്കാൻ മാത്രമായി യു.ഡി.എഫ് സംവിധാനത്തെ താങ്ങിനിർത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം.
പരപ്പനങ്ങാടിയുടെ പ്രഥമ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസിലെ പ്രബല വിഭാഗം സി.പി.എമ്മിനോടൊപ്പം ചേർന്ന് ജനകീയ മുന്നണിയായി മത്സരിച്ച് ആറ് സീറ്റുകൾ നേടിയതും ഭൂരിപക്ഷമില്ലാതെ യു.ഡി.എഫ് തൂക്കുസഭയുടെ സാഹചര്യം നേരിട്ടതും ലീഗിനെ കോൺഗ്രസ് ഓർമിപ്പിക്കുന്നു.
സി.പി.എം ബന്ധം മതിയാക്കി കോൺഗ്രസിലെ ഇരുവിഭാഗവും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തിയതോടെയാണ് ലീഗിന് തനിച്ച് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയത്.പഴയ സാഹചര്യം ലീഗ് സൗകര്യപൂർവം മറക്കുകയാണെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. തർക്കവിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാനാവില്ലെന്നും എന്നാൽ, അവഗണന സഹിക്കാനാവില്ലെന്നും പരപ്പനങ്ങാടി മുനിസിപ്പൽ യു.ഡി.എഫ് ചെയർമാനും കോൺഗ്രസ് നേതാവുമായ കെ.പി. ഷാജഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.