ഇതാണ് അധ്യാപിക; ഇങ്ങനെയാവണം അധ്യാപിക
text_fieldsപരപ്പനങ്ങാടി: ഓൺലൈനിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മണിക്കൂറുകൾ നീണ്ട ക്ലാസ്, അതിനുശേഷം വിദ്യാർഥികളുടെ വീടുകളിലെത്തി അധ്യാപനം... പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിലെ അധ്യാപിക വിജിഷയുടെ ഒറ്റയാൾ അധ്യയനപോരാട്ടം വേറിട്ട കാഴ്ചയാവുകയാണ്.
ഓൺലൈൻ പഠനത്തിൽ ഉഴപ്പുന്ന വിദ്യാർഥികളെ തേടിയാണ് അധ്യാപിക വീടുകളിലെത്തുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ വിവിധ കാറ്റഗറികളാക്കി തിരിച്ചാണ് കൂടുതൽ പരിഗണന നൽകുന്നത്. വീടുകളിലെത്തി വിദ്യാർഥികളോടൊപ്പം കൂട്ടുകൂടിയാണ് അധ്യാപനം നടത്തുന്നത്.
കോവിഡ് കാലത്ത് സർക്കാറും വകുപ്പ് മേധാവികളും നൽകുന്ന എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതോടൊപ്പമാണ് ഇവർ കൂടുതൽ സമയം കണ്ടെത്തി വീടുകളിലെത്തുന്നത്. കൂട്ടുകാരെയും അധ്യാപകരെയും കാണാതെ ടി.വിക്കും മൊബൈലിനും മുന്നിൽ തനിച്ചിരുന്ന് മടുത്ത വിദ്യാർഥികൾക്ക് അധ്യാപികയുടെ വരവ് സന്തോഷം പകരുന്നതായി രക്ഷിതാക്കൾ പറയുന്നു.
വാങ്ങുന്ന ശമ്പളത്തോട് കൃത്യമായി നീതിപുലർത്തുന്ന മാതൃക അധ്യാപികയാണ് വിജിഷയെന്നും ഇവർ അധ്യാപകസമൂഹത്തിന് മാതൃകയാണെന്നും ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും നേരേത്ത മുതൽ ഇത്തരം മാതൃക അധ്യാപനരീതി സ്വീകരിച്ചവരാണന്നും ടൗൺ ജി.എം.എൽ.പി സ്കൂൾ എസ്.എം.എ.സി ചെയർമാൻ ഹുസൈൻ മാസ്റ്ററും പി.ടി.എ പ്രസിഡൻറ് നജ്മുദ്ദീനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.