മലയമ്പാട് തറവാട് സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന ഓർമ
text_fieldsപരപ്പനങ്ങാടി: ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മുമ്പേ കേരളം തുടക്കമിട്ട വൈദേശിക വിരുദ്ധ പോരാട്ടത്തിൽ പരപ്പനങ്ങാടിയുടെ പങ്ക് നിസ്തുലമെന്ന് ചരിത്ര പഠന ഗവേഷകനും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പൈതൃകത്തിന് സാക്ഷ്യമേകിയ പരപ്പനങ്ങാടി മലയമ്പാട്ട് തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും കമ്യൂണിസ്റ്റ് നേതാവുമായ പ്രഫ. ഇ.പി. മുഹമ്മദലി പറയുന്നു.
അദ്ദേഹത്തിന്‍റെ പിതാമഹൻ കോയ ഉമ്മർ കോയ മരക്കാർ എന്ന കോയക്കുട്ടി മരക്കാറായിരുന്നു ഖിലാഫത്ത് സമരത്തിന്റെ പ്രാദേശിക പോരാളി. ബ്രിട്ടീഷ് വിരുദ്ധ സമരം പരിസര പ്രദേശങ്ങളിലൊക്കെ പ്രാദേശിക സാമുദായിക വൈരത്തിലേക്ക് വഴിമാറിയപ്പോഴും പരപ്പനങ്ങാടിയിൽ സമരം ലക്ഷ്യം മറക്കാതെ നേർദിശയിൽ നിലകൊണ്ടത് കോയക്കുട്ടി മരക്കാറിന്റെ നേതൃഗുണം കാരണമായിരുന്നെന്ന് ചരിത്ര ഗവേഷകൻ കൂടിയായ പ്രഫ. മുഹമ്മദലി പറഞ്ഞു.
കോയക്കുട്ടി മരക്കാറിന്റെ മകനും കഴിഞ്ഞ തലമുറയിലെ മലയമ്പാട്ട് തറവാട്ടിലെ കാരണവരുമായിരുന്ന കോയ കുഞ്ഞി നഹ ആധുനിക ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽവാസമനുഷ്ടിച്ച കമ്യൂണിസ്റ്റ് നേതാവാണ്.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അടുത്ത അനുയായിയായിരുന്നു കോയ കുഞ്ഞിനഹ. 1945ൽ കോഴിക്കോട്ട് നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഉണ്ണിരാജയോടൊപ്പം നാട്ടിലേക്ക് വരുന്നതിനിടെ ബ്രിട്ടീഷ് പൊലീസ് നഹയെ അറസ്റ്റു ചെയ്ത് വെല്ലൂർ ജയിലിലടച്ചു.
നാടിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് കോയക്കുഞ്ഞിനഹയുടെ മുന്നിൽ സ്വാതന്ത്ര്യത്തിന്റെ വഴി തുറന്നെന്ന് കരുതിയെങ്കിലും ഇന്ത്യക്ക് യഥാർഥ്യത്തിൽ സ്വാതന്ത്ര്യം കിട്ടിയിട്ടിയില്ലെന്ന രണദിവയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം പിന്നീട് പല കുറി ഒളിവിൽ കഴിയാനും ജയിലിലടക്കപ്പെടാനും കാരണമായി.
മഞ്ചേരി പാർലമെന്റ് മണ്ഡലത്തിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെതിരെ സി.പി.എം സ്വതന്ത്രനായി പ്രഫ. ഇ.പി. മുഹമ്മദലി അംഗത്തിനിറങ്ങിയപ്പോൾ സി.പി.ഐ അന്ന് ലീഗിനോടൊപ്പം. കോയക്കുഞ്ഞി നഹ മകനെതിരെ മണ്ഡലത്തിലുനീളം പ്രസംഗിച്ചു. ഖാഇദെ മില്ലത്തിനോട് മുഹമ്മദലി എട്ടുനിലയിൽ പൊട്ടിയപ്പോൾ മലയമ്പാട്ട് തറവാട്ടിൽ ആഹ്ലാദത്തിന്റെയും ആകുലതയുടെയും തിര ഒന്നിച്ചടിച്ചു. പിന്നീട് മുഹമ്മദലി ബാപ്പയുടെ പാർട്ടിയായ സി.പി.ഐയിൽ തന്നെ തിരിച്ചെത്തി.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണി പോരാളിയായ കെ.സി.കെ. നഹ, കീഴരിയൂർ ബോംബ് സ്ഫോടന കേസിലെ പ്രതി മുഹമ്മദ് നഹ, കെ.പി.എച്ച്. നഹ, യു.വി. കരുണാകരൻ മാസ്റ്റർ, യജ്ഞമൂർത്തി നമ്പൂതിരിപ്പാട്, എം.സി. മൊയ്തീൻ തുടങ്ങിയവർ സ്വാത്രന്ത്യസമര ചരിത്രത്തിൽ പരപ്പനങ്ങാടിയുടെ സംഭാവനകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.