സിങ്ക് മിക്സർ സർവിസ് നൽകിയില്ല; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി
text_fieldsപരപ്പനങ്ങാടി: വീട് നിർമാണത്തിന്റെ ഭാഗമായി വാങ്ങിയ സിങ്ക് മിക്സർ കേടായതിനെത്തുടർന്ന് മലപ്പുറം ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി. 2014ൽ വാങ്ങിയ സിങ്ക് മിക്സർ ടാപ് 2017ൽ കേടായതിനെത്തുടർന്ന് കമ്പനി ടെക്നീഷ്യനെത്തി ശരിയാക്കി നൽകിയിരുന്നു. 2020ൽ വീണ്ടും കേടായപ്പോൾ കസ്റ്റമർ കെയർ വിഭാഗത്തിൽ പരാതി നൽകിയതിനെത്തുടർന്ന് ടെക്നീഷ്യൻ വന്നെങ്കിലും ഒറിജിനൽ ബില്ല് വേണമെന്നും അല്ലാത്തപക്ഷം പാർട്സ് വില ഉൾപ്പെടെയുള്ള ചാർജ് നൽകണമെന്നും പറഞ്ഞതിനെത്തുടർന്നാണ് പരാതിക്കാരനായ പരപ്പനങ്ങാടി സ്വദേശി ടി.വി. സുചിത്രൻ ആദ്യം ദേശീയ ഉപഭോക്തൃ സഹായ സമിതിയിൽ ഓൺലൈനായി പരാതി നൽകിയത്. പിന്നീട് 2020 ഒക്ടോബറിൽ മലപ്പുറം ഉപഭോക്തൃ കോടതിയിൽ നേരിട്ടും പരാതി നൽകി.
ദേശീയ ഉപഭോക്തൃ സഹായ സമിതി അയച്ച കത്തിന് മറുപടിയായി കമ്പനി അധികൃതർ പരാതി പരിഹരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് പരാതിക്കാരൻ മലപ്പുറം ഉപഭോക്തൃകോടതിയെ അറിയിച്ചു. ലൈഫ് ടൈം ഗാരന്റി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉൽപന്നം കേടായപ്പോൾ മാറ്റിനൽകാതിരിക്കുകയും ചെയ്ത തിരൂരങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിനും സൗജന്യ സർവിസ് നൽകാത്തതിനെതിരെ ഉൽപന്ന കമ്പനിയായ ജാഗ്വറിനും അവരുടെ അംഗീകൃത സർവിസ് ഏജൻസിയായ കുറ്റിപ്പുറത്തെ ഹൈ ലൈഫ് എക്സ്പർട്ട് എന്നിവക്കെതിരെയാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
ഹോം ലാൻഡ് ട്രേഡേഴ്സ് തിരൂരങ്ങാടി ഉൽപന്നത്തിന്റെ അന്നത്തെ വിലയായ 5518 രൂപയും കേസിലെ ഒന്ന്, രണ്ട് കക്ഷികളായ ജാഗ്വര് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്-ഡൽഹി, ഹൈലൈറ്റ് എക്സ്പെർട്ട് കെയർ -കുറ്റിപ്പുറം എന്നിവർ ചേർന്ന് 3000 രൂപയും ഒന്ന്, രണ്ട് കക്ഷികൾ ചേർന്ന് കോടതി ചെലവിലേക്കായി 2000 രൂപയും പരാതിക്കാരന് നൽകാനാണ് ഉത്തരവ്. തുക 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.