അപകടത്തിൽ മനസ്സ് തളർന്നില്ല; ജീവിതം വിളക്കിച്ചേർക്കുകയാണ് വേണുഗോപാൽ
text_fieldsപരപ്പനങ്ങാടി: ലോക ഭിന്നശേഷി ദിനാചരണമൊന്നും ശ്രദ്ധിക്കാൻ ഈ 63കാരന് നേരമില്ല. തലയിൽ വീണ ദുരന്തത്തിനുമുന്നിൽ ശരീരം തളർന്നെങ്കിലും എം.പി. വേണുഗോപാലിന്റെ മനസ്സ് തളർന്നില്ല. 1984 ൽ പരപ്പനങ്ങാടി മലയ ബിൽഡിങ്ങിൽ ഷട്ടർ സ്ഥാപിക്കുന്നതിനിടെ ഷട്ടറിന്റെ മൂർച്ചയേറിയ ഭാഗവും കോൺഗ്രീറ്റ് പാളികളും തലയിൽ വീണ് ശരീരത്തിന്റെ ഒരു ഭാഗം പാടെ തളർന്നു. വിവിധ ഘട്ടങ്ങളിലായി ഓപ്പറേഷനും ചികിത്സയുമായി 10 മാസം കോഴിക്കോട് മെഡിക്കൽ കോളജിൽ കിടന്ന വേണുഗോപാലിന്റെ ശാരീരിക തളർച്ചയുടെ അമ്പതു ശതമാനം ഭേദപ്പെട്ടു. പക്ഷെ, കുടുംബത്തെ എങ്ങനെ താങ്ങും എന്നായി മറ്റൊരു ചിന്ത.
തുടർന്ന് വീട്ടുമുറ്റത്തൊരു ഇൻഡസ്ട്രിയൽ തുറക്കാനായി ആലോചന. അവിടെ ഇരുമ്പു ദണ്ഡുകളിൽ തീപൊരി പാറി ജീവിതം സ്വയം പര്യാപ്തതയിലേക്ക് വിളക്കി ചേർത്തു. തുടക്കത്തിൽ തൊഴിലാളികളെ കൂട്ടിയാണ് സംരംഭം ആരംഭിച്ചതെങ്കിലും തൊഴിലാളികളുടെ കൂലിയും വർധിച്ചു വരുന്ന ഇലക്ട്രിക് ബില്ലും മറ്റൊരു ആഘാതമായി മാറിയതോടെ തളർന്ന വലം കൈയുമായി തൊഴിൽ രംഗത്ത് തനിച്ചായി.
ഇതോടെ നഷ്ടത്തിന്റെ കണക്കിൽ കരകയറി നിത്യജീവിതം മുന്നോട്ടു പോയി. ഭാരമേറിയ പണിയുടെ ഘട്ടത്തിൽ ഭാര്യ വിജയകുമാരിയും വിവാഹ ശേഷവും വീട്ടിലിരിക്കേണ്ടി വന്ന മകൻ ശ്രീധയും വിദ്യാർഥിയായ മകൻ ജിഷ്ണുവും സഹായത്തിനെത്തും. ഒരു രോഗത്തിനും തന്നെ തളർത്താനാവില്ലെന്ന ഇച്ചാശക്തിയാണ് വേണുഗോപാലിന്റെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.