പരപ്പനങ്ങാടി കോടതി സമുച്ചയ പദ്ധതിക്ക് പുതുജീവൻ
text_fieldsപരപ്പനങ്ങാടി: ഹൈകോടതി ഇടപെടലിനെ തുടർന്ന് സർക്കാർ ഭരണാനുമതി നൽകിയ പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമാണത്തിന്റെ പ്രാഥമിക നടപടികൾ തുടങ്ങി. കെട്ടിട നിർമാണ സ്ഥലം കെ.പി.എ. മജീദ് എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ച് പ്രാഥമിക കാര്യങ്ങൾ അവലോകനം ചെയ്തു. 25 കോടി ചെലവിൽ നിർമിക്കുന്ന കോടതി സമുച്ചയത്തിന് തികയാതെ വരുന്ന തുക എം.എൽ.എ ഫണ്ടിൽനിന്ന് ചേർക്കാനും തീരുമാനമായിട്ടുണ്ട്. പ്രകൃതി സൗഹൃദ അന്തരീക്ഷമുള്ള കോടതി വളപ്പിന്റെ തനത് സൗന്ദര്യം നിലനിർത്തി വേണം കെട്ടിട നിർമാണത്തിന്റെ പ്ലാൻ ആവിഷ്കരിക്കാനെന്ന് ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചിട്ടുണ്ട്.
നേരത്തേ സർക്കാറിൽനിന്ന് ഭരണാനുമതി ലഭിക്കാതെ പോയ ഘട്ടത്തിൽ പദ്ധതി നഷ്ടപ്പെട്ടതായി ആശങ്ക ഉയർന്നിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ. മജീദ് എം.എൽ.എ കേരള ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈകോടതി സർക്കാറിന് അന്ത്യശാസനം നൽകിയതോടെയാണ് നിർമാണം ആരംഭിക്കാൻ വഴിയൊരുങ്ങിയത്.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി. ബ്രിട്ടീഷ് ഇന്ത്യയിലടക്കം നീതി നിർവഹണത്തിന് നേതൃത്വമേകിയ ഈ കോടതിയിൽ മുൻസിഫായിരുന്ന ഒ. ചന്തുമേനോനാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്ത നോവലായ ഇന്ദുലേഖ രചിച്ചത്.
പരപ്പനങ്ങാടി ബാർ അസോ. പ്രസിഡന്റ് അഡ്വ. വനജ വള്ളിയിൽ, പരപ്പനങ്ങാടി മുൻസിഫ് ഇ.എൻ. ഹരിദാസൻ, ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. വിപിൽദാസ്, അഭിഭാഷകരായ അഡ്വ. ഒ. മോഹൻദാസ്, പി.എൻ. വാസുദേവൻ, കുഞ്ഞാലിക്കുട്ടി കടകുളത്ത്, ടി. കുഞ്ഞമ്മദ് എന്നിവർ എം.എൽ.എയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.