സ്കൂൾ ബസുണ്ട്, റോഡിലല്ല, കട്ടപ്പുറത്ത്
text_fieldsതിരൂർ: തിരൂർ മണ്ഡലത്തിലെ രണ്ട് സർക്കാർ സ്കൂളുകളുടെ ബസുകൾ കട്ടപ്പുറത്തായിട്ട് വർഷങ്ങൾ പിന്നിട്ടു. പറവണ്ണ ജി.വി.എച്ച്.എസ് സ്കൂളിലെയും ഏഴൂർ ജി.എച്ച്.എസ് സ്കൂളിലെയും ബസുകളാണ് പ്രവർത്തനരഹിതമായി സ്കൂൾ ഗ്രൗണ്ടുകളിൽ കിടക്കുന്നത്. മുൻ തിരൂർ എം.എൽ.എ സി. മമ്മുട്ടിയുടെ 2016-17 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയതാണ് ഈ രണ്ട് സ്കൂൾ ബസുകളും.
ഏഴൂർ സ്കൂളിലെ ബസ് കേവലം രണ്ട് മാസങ്ങൾ മാത്രമാണ് സർവിസ് നടത്തിയത്. എന്നാൽ പറവണ്ണ സ്കൂളിലെ ബസ് മൂന്ന് വർഷങ്ങൾ സർവിസ് നടത്തിയെങ്കിലും കോവിഡിന് ശേഷം സർവിസ് നടത്തിയിട്ടില്ല. രണ്ട് സ്കൂളുകളിലും പഠിക്കുന്ന മിക്ക കുട്ടികൾക്കും നടന്ന് വരാൻ കഴിയുന്ന വിധത്തിലുള്ള ദൂരമേ സ്കൂളുകൾക്കൊള്ളൂ. ദൂരെനിന്ന് വരുന്നവർക്ക് സ്കൂൾ ബസിന് നൽകുന്ന ഫീസിനേക്കാൾ കുറവുള്ള സംഖ്യ കൊണ്ട് സ്വകാര്യ ബസുകളിൽ സഞ്ചരിച്ച് സ്കൂളിൽ എത്താനാകുന്നുണ്ട്.
ഇതോടെ കുട്ടികൾ കുറവായതിനാൽ ബസ് ഫീസിനത്തിലെ വരുമാനം കുറയുകയും നടത്തിപ്പ് ചെലവ് വർധിക്കുകയും ചെയ്തു. ഇതോടെയാണ് സർവിസ് നിർത്തിവെക്കാൻ സ്കൂൾ അധികൃതർ നിർബന്ധിതരായത്. ഡീസലിനും ബസ് ജീവനക്കാർക്കും ബസിന്റെ ഇൻഷുറൻസ് എന്നിവക്കായി ലക്ഷക്കണക്കിന് രൂപയാണ് വേണ്ടിവരുന്നത്. ഇതിനുള്ള തുക ബസ് ഫീസിനത്തിൽ വിദ്യാർഥികളിൽനിന്ന് ലഭിക്കുന്നുമില്ല. ഈ രണ്ട് സ്കൂളുകൾക്കും നിലവിൽ സ്കൂൾ ബസ് ആവശ്യമില്ലാത്ത സാഹചര്യമാണുള്ളത്. എന്നാൽ ബസ് ആവശ്യമുള്ള മറ്റു സ്കൂളുകൾക്ക് കൈമാറണമെങ്കിൽ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ബസുകളുടെ ആർ.സി ഓണർമാർ അതാത് സ്കൂളുകളിലെ മേലാധികാരികളാണ്. അത് മാറ്റി നൽകിയാൽ മാത്രമേ ബസ് കൈമാറാനാകൂ.
ബസ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ പിന്നിട്ടതിനാൽ അറ്റകുറ്റപണികൾക്കായി ലക്ഷക്കണക്കിന് രൂപ വേണ്ടി വരും. സ്കൂളുകൾക്ക് ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നാണ് അധികൃതർ ചോദിക്കുന്നത്. സർക്കാർ തലത്തിൽ പ്രത്യേക തീരുമാനമുണ്ടായില്ലെങ്കിൽ ലക്ഷകണക്കിക്ക് രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ബസുകൾ സ്കൂൾ ഗ്രൗണ്ടിൽ തന്നെ കിടക്കുന്നത് മൂലം കുട്ടികളും വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.