വാതിൽപ്പടി മാലിന്യ ശേഖരണം ഭാഗികം; ഹരിതകർമ സേനക്ക് വേണം കൈത്താങ്ങ്
text_fieldsമലപ്പുറം: മാലിന്യമുക്തം കേരളം കാമ്പയിൻ സർക്കാർ കൊട്ടിഘോഷിച്ച് നടത്തുമ്പോഴും വാതിൽപ്പടി മാലിന്യ ശേഖരണം പൂർണതോതിൽ നടപ്പാവാതെ ജില്ല. അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കാൻ ചുമതലയുള്ള ഹരിതകർമ സേനാംഗങ്ങളുടെ കുറവും യൂസർ ഫീ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പദ്ധതി പ്രാവർത്തികമാക്കാൻ തടസ്സം. ജില്ലയിൽ 12 നഗരസഭകളും 97 ഗ്രാമപഞ്ചായത്തുകളുമടക്കം 106 തദ്ദേശഭരണ സ്ഥാപനങ്ങളുണ്ട്. ആകെ വാർഡുകൾ 2257. ഒരുവാർഡിൽ രണ്ട് ഹരിത കർമസേന അംഗം എന്ന നിലക്ക് 4514 പേർ വേണം. എന്നാൽ, ജില്ലയിൽ നിലവിൽ 2335 പേർ മാത്രമേയുള്ളൂ. മാസത്തിൽ ഒരുതവണ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ജില്ലയിൽ മിക്കയിടത്തും രണ്ടു മാസത്തിലൊരിക്കലാണിത്.
അജൈവ മാലിന്യം എടുക്കാൻ വീടുകളിൽനിന്നും കടകളിൽനിന്നും നിശ്ചിത തുക യൂസർ ഫീ ആയി ഈടാക്കാൻ സേനക്ക് അനുവാദമുണ്ട്. എന്നാൽ, ഇത് നൽകാൻ ചില വീട്ടുകാരും കടയുടമകളും തയാറാകുന്നില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. യൂസർ ഫീ മാത്രമാണ് ഹരിതകർമ സേനക്കുള്ള ഏക വരുമാനം. മുഴുവൻ വീടുകളിൽനിന്നും ഫീസ് പിരിഞ്ഞു കിട്ടിയില്ലെങ്കിൽ സേനാംഗങ്ങൾക്ക് തൊഴിലിൽ പിടിച്ചുനിൽക്കാനാവില്ല. നിലവിൽ യൂസർ ഫീ നൽകാൻ തയാറായ വീടുകളിൽ മാത്രമേ സേനാംഗങ്ങൾ പോകുന്നുള്ളൂ.
ഫീസും പ്ലാസ്റ്റിക് മാലിന്യവും നൽകാൻ തയാറാകാത്ത നിരവധി വീടുകൾ എല്ലാ വാർഡിലുമുണ്ട്. ഇവിടെയുള്ള മാലിന്യം പുറത്തേക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ആണ് ഇപ്പോഴും. ഇത് തടയാൻ വ്യാപക ബോധവത്കരണം ആവശ്യമാണ്. പലപ്പോഴും വാർഡ് മെംബർമാരുടെ സഹകരണം ഇതിന് ലഭിക്കുന്നില്ലെന്ന് സേനാംഗങ്ങൾ പറയുന്നു.
മുഴുവൻ വീടുകളിൽനിന്നും മാസത്തിൽ ഒരിക്കൽ അജൈവ മാലിന്യം ശേഖരിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. എല്ലായിടത്തുനിന്നും യൂസർ ഫീ പിരിഞ്ഞുകിട്ടാത്തതാണ് സേനയിലേക്ക് കൂടുതൽ പേർ കടന്നുവരാത്തതിന് കാരണമെന്ന് സി.ഡി.എസ് നേതൃത്വം പറയുന്നു. യൂസർ ഫീ നൽകുന്ന വീടുകൾ പരിമിതമായതിനാൽ ഒരു വാർഡിൽ രണ്ടുപേരെ വെച്ചാൽ അവർക്ക് ലഭിക്കുന്ന പ്രതിഫലം വീണ്ടും വിഭജിച്ചുപോകും. അതിദരിദ്രരിൽനിന്നും ഫീസ് വാങ്ങാൻ കഴിയില്ല.
മാന്യമായ വേതനം ഉറപ്പുവരുത്താൻ നടപടി ഉണ്ടാവേണ്ടെതുണ്ടെന്ന് ഹരിത കർമ സേനാംഗങ്ങൾ പറയുന്നു. മാലിന്യശേഖരണ കേന്ദ്രം (എം.സി.എഫ്), ഹരിത കർമ സേനാംഗങ്ങൾക്കുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങൾ ഇപ്പോഴും ജില്ലയിലുണ്ട്. ചിലയിടങ്ങളിൽ വാഹനസൗകര്യമില്ല. ഹരിത സഹായ ഏജൻസികളെ നിയോഗിച്ചാൽ കുറേയേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെങ്കിലും ഇതിനോടും ചില തദ്ദേശഭരണ സ്ഥാപനങ്ങൾ വിമുഖരാണ്. യൂസർ ഫീ നൽകാൻ വിസമ്മതിച്ച കടകൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത് ആശ്വാസമാണ്. യൂസർ ഫീ നൽകാത്തവരോ കുടിശ്ശിക വരുത്തിയവരോ ആയവരിൽനിന്നും ഈ തുക വസ്തുനികുതി കുടിശ്ശികയായി ഈടാക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ഈ അർഥത്തിലുള്ള നടപടി എവിടേയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.