പൊന്നാനിയിൽ ജങ്കാറിനുപകരം യാത്രാബോട്ട് സർവിസ് ആരംഭിക്കുന്നു
text_fieldsപൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് കരാറുകാർ നിർത്തലാക്കിയതോടെ താൽക്കാലിക സംവിധാനമെന്ന നിലയിൽ യാത്രാബോട്ട് സർവിസ് ആരംഭിക്കുന്നു.
ബോട്ട് സർവിസിന് താൽപര്യം പ്രകടിപ്പിച്ച് രണ്ട് ബോട്ടുടമകൾ രംഗത്തെത്തി. ഇവരുമായി നഗരസഭ ഭരണസമിതി ചൊവ്വാഴ്ച ചർച്ച നടത്തും. ഇതിൽ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ താൽപര്യമുള്ളവർക്ക് അനുമതി നൽകും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഡിസംബർ 12 മുതൽ സർവിസ് ആരംഭിക്കാനാണ് തീരുമാനം.
ജങ്കാർ സർവിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെൻഡർ എട്ടിന് പരിഗണിക്കും. മറ്റു ജില്ലകളിൽ ജങ്കാർ സർവിസ് നടത്തുന്ന കരാറുകാരുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പുതിയ ജങ്കാർ എത്തിച്ച് സർവിസ് പുനരാരംഭിക്കാനാണ് തീരുമാനം.
കരാറുകാരും നഗരസഭയും തമ്മിലെ ചർച്ച വഴിമുട്ടിയതോടെ നിലവിലെ ജങ്കാർ സർവിസ് കരാറുകാർ അവസാനിപ്പിച്ചിരുന്നു. യാത്രക്കാർക്കും വാഹനങ്ങൾക്കുമുൾപ്പെടെ 35 ശതമാനം വർധന വേണമെന്നും വാർഷിക ടെൻഡറിൽ 50 ശതമാനം വർധന അനുവദിക്കണമെന്നുമാണ് കരാറുകാരുടെ ആവശ്യം.
എന്നാൽ, 30 ശതമാനം വരെ വർധന അനുവദിക്കാമെന്ന നഗരസഭയുടെ തീരുമാനം കരാറുകാർ അംഗീകരിച്ചില്ല. കൂടാതെ യാത്ര മിനിമം ടിക്കറ്റിൽ മാത്രമേ വർധന അനുവദിക്കാൻ കഴിയൂവെന്നും വാഹനങ്ങൾക്ക് നിരക്ക് കൂട്ടാനാവില്ലെന്നുമുള്ള നഗരസഭയുടെ നിലപാടിനും നിഷേധാത്മക മറുപടിയാണ് കരാറുകാർ നൽകിയത്.
പലതവണ ചർച്ചകൾ നടന്നെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറാവാതിരുന്നതോടെയാണ് സർവിസ് അവസാനിപ്പിക്കാൻ കരാറുകാർ തീരുമാനിച്ചത്.
കോവിഡിനുശേഷം നഷ്ടത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാർ കടുത്ത നിബന്ധനയുമായി രംഗത്തെത്തിയത്.
നേരത്തേ ടിക്കറ്റ് നിരക്കിൽ 25 ശതമാനം വർധന വരുത്തിയിരുന്നു. ഇതിനാൽ കൂടുതൽ വർധന അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.