മലപ്പുറം ജില്ലയിൽ 2,061 കുടുംബങ്ങള്‍ക്ക് പട്ടയം
text_fieldsമലപ്പുറം: സംസ്ഥാന സര്‍ക്കാർ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' പട്ടയ മേളയില്‍ ജില്ലയിലെ 2,061 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. സംസ്ഥാന തലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ മന്ത്രി വി. അബ്ദുറഹിമാന് ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊന്നാനി ഒതളൂര്‍ കോലിക്കര സ്വദേശി തെക്കേക്കര സുരേഷിന് മന്ത്രി ആദ്യ പട്ടയം നല്കി. 20 കുടുംബങ്ങള്‍ക്കാണ് പരിപാടിയില്‍ പട്ടയങ്ങള്‍ നല്‍കിയത്. മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് 502 പട്ടയങ്ങളും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് 498, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് 429, തിരൂര്‍ എല്‍.എ (ജനറല്‍) 223, മലപ്പുറം ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം പട്ടയം) 200, എല്‍.എ (എയര്‍പോര്‍ട്ട്) 109, മലപ്പുറം എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍ എന്നിങ്ങനെയാണ് മേളയില്‍ വിതരണം ചെയ്തത്.
ജില്ലതല ഉദ്ഘാടന പരിപാടിയില്‍ ഏറനാട് താലൂക്കിലെ പട്ടയങ്ങളാണ് വിതരണം ചെയ്തത്. അതത് താലൂക്ക്തലത്തിലും പട്ടയ വിതരണ മേളകൾ നടന്നു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ യു.എ. ലത്തീഫ്, പി.കെ. ബഷീര്‍, മലപ്പുറം നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, എ.ഡി.എം എന്‍.എം. മെഹറലി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.