ചീനിക്കപ്പാറയിലെ ആദിവാസികൾ ഇനി സ്വപ്നവീട്ടിൽ അന്തിയുറങ്ങും
text_fieldsപട്ടിക്കാട്: പതിറ്റാണ്ടുകളായി മലമുകളിൽ ദുരിതജീവിതം നയിക്കുന്ന ആദിവാസികൾക്ക് സ്വപ്ന ഭവനങ്ങളുയർന്നു. വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി നഗറിൽ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങൾക്കാണ് മലയുടെ താഴ്ഭാഗത്ത് വീട് നിർമിച്ചത്. നിലക്കാതെ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയിൽനിന്നിറങ്ങിയ ഇവർ നിർമാണം പൂർത്തിയായ വീട്ടിൽ താമസം തുടങ്ങി. മിനുക്കുപണികൾ കൂടി പൂർത്തിയാകാനുണ്ട്.
മലമുകളിൽ മരക്കമ്പുകളും ടാർപോളിൻ ഷീറ്റുകളും കൊണ്ട് നിർമിച്ച വീടുകളിലാണ് മഴയും വെയിലുമേറ്റ് ഇവർ ദുരിതജീവിതം നയിച്ചിരുന്നത്. ഇവരെ മലയുടെ താഴ്വാരത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽവരികയും തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.എം. മുസ്തഫയും വാർഡംഗം ഹൈദർ തോരപ്പയും പ്രദേശം സന്ദർശിച്ച് കുടുംബങ്ങളുടെ ദുരിതം മനസിലാക്കുകയും ചെയ്തതോടെയാണ് വീട് നിർമാണ നടപടി തുടങ്ങിയത്. ലൈഫ് മിഷൻ ഭൂരഹിത-ഭവനരഹിത പദ്ധതിയിലുൾപ്പെടുത്തിയാണ് മൂന്ന് കുടുംബങ്ങൾക്ക് മൂന്ന് സെൻറ് വീതം രജിസ്റ്റർ ചെയ്ത് നൽകുകയും വീട് നിർമാണം പൂർത്തിയാക്കുകയും ചെയ്തത്. അക്ക, പുള്ള, നീലി എന്നിവരുടെ കുടുംബങ്ങളാണ് ബുധനാഴ്ച താമസം ആരംഭിച്ചത്. ചീനിക്കപ്പാറ ആദിവാസി കുടുംബങ്ങളുടെ ദുരിതജീവിതം വിവരിച്ച് ‘മാധ്യമം’ വാർത്തകൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.