ജാമിഅയെ നയിച്ച നേതാവ്; വിയോഗത്തിൽ തേങ്ങി ഫൈസാബാദ്
text_fieldsപട്ടിക്കാട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മതപാഠശാലകളിലൊന്നായ പട്ടിക്കാട് ജാമിഅ നൂരിയയെ വർഷങ്ങളോളം നേതൃസ്ഥാനത്ത് നിന്ന് നയിച്ച നേതാവിന്‍റെ വിടവാങ്ങലിൽ തേങ്ങുകയാണ് ഫൈസാബാദ്. ഇന്നലെയും ഇന്നുമായി ജാമിഅ സമ്മേളനം നടക്കാനിരിക്കെയാണ് ഹൈദരലി തങ്ങളുടെ വിയോഗം. ജാമിഅ സമ്മേളനങ്ങൾക്കായി വിദേശത്തുനിന്നും സ്വദേശത്തു നിന്നുമെത്തുന്ന വിശിഷ്ട വ്യക്തികളെ ആദരപൂർവം സ്വീകരിച്ചിരുന്ന തങ്ങളുടെ വിടവ് നികത്താനാവാത്തതാണ്. സമാപനവേദികളിൽ അദ്ദേഹം നടത്തുന്ന പ്രസംഗം കൃത്യതയുള്ള നിലപാടുകളായിരുന്നു.
വർഗീയതയെ എതിർക്കുകയും മതസൗഹാർദത്തിന് ഊന്നൽ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന സന്ദേശം എല്ലായ്പ്പോഴും നൽകി. വാർഷിക-സനദ് ദാന സമ്മേളനങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് സനദ് സർട്ടിഫിക്കറ്റ് നൽകി മതപ്രബോധന വഴികളിലേക്ക് സ്വീകരിച്ചതിന്‍റെയും പ്രവർത്തനമികവിന്‍റെയും ഒട്ടേറെ ഓർമകളുണ്ട് ജാമിഅക്ക് പറയാൻ. മതപഠനം പൂർത്തിയാക്കിയ അതേ കോളജിന്‍റെ നേതൃസ്ഥാനത്തിരിക്കാൻ കഴിഞ്ഞെന്ന അപൂർവതയും ഹൈദരലി തങ്ങൾക്കുണ്ടായി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിൽ ഫൈസി ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇതേ സ്ഥാപനത്തിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനവും പ്രസിഡന്‍റ് സ്ഥാനവും വഹിച്ചു.
1972 നവംബറിലാണ് ഫൈസി ബിരുദ പഠനത്തിന് ചേർന്നത്. 1975ൽ പഠനം പൂർത്തിയാക്കിയ ശേഷം 1976 ഫെബ്രുവരിയിൽ നടന്ന വാർഷിക-സനദ്ദാന സമ്മേളന വേദിയിൽ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരിൽനിന്നാണ് ബിരുദം ഏറ്റുവാങ്ങിയത്. പിന്നീട് 2001 മുതൽ 2009 വരെ ജാമിഅ ജനറൽ സെക്രട്ടറിയായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം 2009 മുതൽ സ്ഥാപനത്തിന്‍റെ പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു വരുകയായിരുന്നു.
ജാമിഅ പഠനകാലത്ത് കോട്ടുമല ബാപ്പു മുസ്ലിയാർ, ഹാജി കെ. മമ്മദ് ഫൈസി, ബഹാഉദ്ദീൻ നദ്വി എന്നിവർ സഹപാഠികളായിരുന്നു. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ എന്നിവരായിരുന്നു പട്ടിക്കാട് ജാമിഅയിൽ പ്രധാന ഗുരുക്കൻമാർ. 70കളിൽ വിദ്യാർഥി കാലഘട്ടത്തിലും തുടർന്നും ജാമിഅക്ക് വേണ്ടി ധനസമാഹരണ യജ്ഞങ്ങളിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. അക്കാലത്ത് കൊയ്ത്തുകാലങ്ങളിൽ പല ദേശങ്ങളിൽനിന്നുള്ള നെല്ല് സമാഹരിച്ച് ധനസമാഹരണത്തിനും നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.