സമസ്ത പണ്ഡിത സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsപട്ടിക്കാട്: സംഘടനയുടെ അജയ്യത വിളിച്ചോതി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിത സമ്മേളനത്തിന് പ്രൗഢ തുടക്കം. നൂറാം വാര്‍ഷിക ഭാഗമായി ജില്ലകളിൽ നടക്കുന്ന പണ്ഡിത സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിർവഹിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അതിനെ കുത്തിനോവിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കവും വിശുദ്ധിയും വളരെ പ്രധാനമാണ്.
പൂർവികരായ പണ്ഡിതർ കൈമാറിയ വിശുദ്ധമായ ശരീഅത്തിനെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടത് പണ്ഡിതരുടെ ബാധ്യതയാണ്. സുന്നത്ത് ജമാഅത്താണ് ശരീഅത്തിന്റെ നേരായ പാത. അതില്‍ അടിയുറച്ച് നിലകൊള്ളുകയും ബിദ്അത്തിനെ (പുതുമയെ) പ്രതിരോധിക്കുകയും ചെയ്യണം. പൂർവസൂരികളായ പണ്ഡിതരുടെ മാതൃക പിന്തുടര്ന്ന് പ്രബോധനമേഖല ശക്തിപ്പെടുത്തണം. പണ്ഡിതര്‍ വിശുദ്ധി കളഞ്ഞുകുളിക്കുന്നവരാകരുത്. ബിദ്അത്തിന് തടയിടലും സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തലുമാണ് ഇത്തരം സമ്മേളനങ്ങള്‍കൊണ്ട് സമസ്ത ലക്ഷ്യമാക്കുന്നതെന്നും ഉലമാക്കള്ക്കുമാത്രമല്ല, ഉമറാക്കൾക്കും ഇത്തരത്തില്‍ ദിശാബോധം നല്കാന് സമസ്ത മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദർസ് അധ്യാപകർ, ഖതീബുമാര്‍, മദ്റസ പ്രധാനാധ്യാപകർ എന്നിവരടക്കം 3000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര് പതാക ഉയര്‍ത്തി.
എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഭാഷണം നടത്തി. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, ജസീല്‍ കമാലി അരക്കുപറമ്പ്, മുസ്തഫ അഷ്റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ചൊവ്വാഴ്ച സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, മുജ്തബ ഫൈസി ആനക്കര, ഇ. അലവി ഫൈസി കുളപ്പറമ്പ്, അബ്ദുല്‍ വഹാബ് ഹൈതമി ചീക്കോട്, ഷൗക്കത്തലി അസ്ലമി മണ്ണാര്‍ക്കാട്, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ തുടങ്ങിയവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.