പുലിയുടെ ആക്രമണം; മുള്ള്യാകുർശ്ശിയിൽ ഇന്ന് കെണി സ്ഥാപിക്കും
text_fieldsപട്ടിക്കാട്: പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ള്യാകുർശ്ശിയിൽ കെണി സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ് അധികൃതർ. ബുധനാഴ്ച വൈകീട്ട് സ്ഥലത്ത് പരിശോധന നടത്തിയ ഡി.എഫ്.ഒ ഉൾപ്പെടെയുള്ള അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയെത്തിയ സംഘം നാട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കഴിഞ്ഞദിവസം നഷ്ടമായ ആടിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു. പുലിയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ പട്ടിക്കാട് ചുങ്കത്ത് സംസ്ഥാനപാത ഉപരോധിക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച തന്നെ പ്രദേശത്ത് കെണി സ്ഥാപിക്കുമെന്ന ഡി.എഫ്.ഒയുടെ ഉറപ്പിൻമേൽ ഉപരോധസമരം പിൻവലിച്ചു. ആടുകളെ നഷ്ടമായ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞത് പുലിയാണെന്ന് സ്ഥിരീകരിച്ചതായും ഡി.എഫ്.ഒ പറഞ്ഞു.
മേൽമുറിയിൽ മലയടിവാരത്താണ് പുലി വിഹരിക്കുന്നത്. ജനവാസകേന്ദ്രമായ പ്രദേശത്തുനിന്ന് ചൊവ്വാഴ്ചയാണ് അവസാനമായി ആടിനെ പുലി കടിച്ചുകൊണ്ടുപോയത്. മാട്ടുമ്മത്തൈാടി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്തുനിന്ന് കൊണ്ടുപോയത്. ഉമൈറിന്റെ മാത്രം ചെറുതും വലുതുമായി 26 ആടുകളെയാണ് പല സമയങ്ങളിലായി നഷ്ടമായത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മാട്ടുമ്മതൊടി ഹംസയുടെ ആടിനെയും നഷ്ടപ്പെട്ടിരുന്നു.
ഇദ്ദേഹം പുലിയെ നേരിൽ കണ്ടതായി പറഞ്ഞിരുന്നു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ, കരുവാരകുണ്ട് സെക്ഷൻ റേഞ്ച് ഓഫിസർ വി.എൻ. സജീവൻ, ബി.എഫ്.ഒമാരായ വി. ജിബീഷ്, എ.എൽ. അഭിലാഷ്, ടി. സജീവൻ, ജോസ്വിൻ റിഷ്യസ്, ആർ.ആർ.ടി സംഘാംഗങ്ങളായ കെ.കെ. മണികണ്ഠൻ, ആർ.എം. ബിജിൻ, ഉണ്ണികൃഷ്ണൻ, എൻ.വി. രഞ്ജിതത്ത് എന്നിവരാണ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചത്.
മേലാറ്റൂർ, പണ്ടിക്കാട് സ്റ്റേഷനുകളിലെ പൊലീസും എത്തിയിരുന്നു. ബുധനാഴ്ച രാത്രി എട്ടോടെ ആർ.ആർ.ടി ടീമും വനം വകുപ്പ് അധികൃതരും പ്രദേശത്ത് രണ്ട് കാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
മങ്കട നിവാസികളും ആശങ്കയിൽ
മങ്കട: പട്ടിക്കാട് മുള്ള്യാകുർശ്ശിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ സമീപ പ്രദേശമായ മങ്കടയിലും ആശങ്ക. പുലിയെ എത്രയും വേഗം പിടികൂടാനുള്ള സംവിധാനങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഏഴ് വർഷം മുമ്പ് മുള്ള്യാകുർശിയിൽനിന്ന് പിടികൂടിയ പുലിയെ നേരത്തെ മങ്കട ചേരിയം മലയിലും പരിസര പ്രദേശങ്ങളിലും കണ്ടിരുന്നു.
കൂട്ടിൽ, വേരുമ്പിലാക്കൽ, വെള്ളില, കുരങ്ങൻചോല എന്നിവിടങ്ങളിലായി കണ്ടെത്തിയ പുലിയാണ് പിന്നീട് മുള്ള്യാകുർശ്ശിയിൽ പിടിയിലായത്. ഇതേ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരു വർഷത്തിനിടെ ഏതാനും ആടുകളെയും ഈ പ്രദേശങ്ങളിൽനിന്ന് നഷ്ടപ്പെട്ടിരുന്നു.
വേരുമ്പിലാക്കൽ കൂട്ടിൽ സ്വദേശികളുടെ ആടുകളെ മലയിലെ മേച്ചിൽ സ്ഥലത്തുനിന്നും വീട്ടിൽനിന്നും പുലി കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായി. പത്തോളം ആടുകളാണ് നഷ്ടമായത്. വനം വകുപ്പിൽ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാരണത്താൽ തന്നെ മലയിലേക്ക് ആടുമേക്കാൻ പോകുന്നവർ ഭീതിയിലാണ്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനം വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
കാമറ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. ചേരിയം മലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുള്ള്യാകുർശ്ശി. മലമ്പ്രദേശം വഴി ചേരിയം മലയിലെ പൂക്കോടൻ മല കടന്ന് വേരുമ്പിലാക്കൽ കുരങ്ങൻ ചോല ഭാഗങ്ങളിലേക്ക് പുലിയുടെ സഞ്ചാരമുള്ളതായും നേരത്തെ സംശയം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.