ഇനി ‘സൂപ്പർ’ കളികൾ; സൂപ്പറാവാൻ പയ്യനാട് സ്റ്റേഡിയം...
text_fieldsമഞ്ചേരി: ആതിഥേയത്വം വഹിച്ച ആദ്യ സന്തോഷ് ട്രോഫി ഹിറ്റായതോടെ പയ്യനാട് ഇനി ‘സൂപ്പർ’ പോരാട്ടം. സൂപ്പർ കപ്പിന് ഇത്തവണ സ്റ്റേഡിയം വേദിയാകാനൊരുങ്ങുകയാണ്. ഏപ്രിൽ ഒമ്പതിനാണ് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ടീമുകളും ഐ ലീഗിലെ ടീമുകളും ഏറ്റുമുട്ടുന്നതാണ് സൂപ്പർ കപ്പ്. ഏപ്രിലിൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന 75ാമത് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ഇരച്ചെത്തിയ കാണികൾ കാരണമാണ് ഒരു വർഷത്തിനുശേഷം വീണ്ടും പയ്യനാട്ടേക്ക് മത്സരങ്ങൾ എത്തുന്നത്.
സന്തോഷ് ട്രോഫിക്ക് ശേഷം ഐ ലീഗ് മത്സരങ്ങൾക്കും മൈതാനം വേദിയായി. ഐ ലീഗിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഹോം ഗ്രൗണ്ടായി പയ്യനാടിനെ തിരഞ്ഞെടുത്തതോടെയാണ് ആദ്യമായി ഐ ലീഗും മലപ്പുറത്തിന്റെ മണ്ണിലേക്ക് എത്തിയത്. സൂപ്പർ കപ്പിനെ വരവേൽക്കാൻ പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കം പുരോഗമിക്കുകയാണ്. പുല്ല് വെട്ടിയൊതുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. പരിശീലനത്തിനുള്ള കോട്ടപ്പടി സ്റ്റേഡിയവും ഇതോടൊപ്പം നവീകരിക്കുന്നു. കേരള ഫുട്ബാൾ അസോസിയേഷന്റെ നിർദേശ പ്രകാരം ആലുവ വി.കെ.എം െഡവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് മൈതാനം സജ്ജമാക്കുന്നത്.
ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കൈമാറാനാകുമെന്നാണ് കരുതുന്നത്. സന്തോഷ് ട്രോഫിക്കായി മൈതാനം മികച്ച രീതിയിൽ തയാറാക്കിയതോടെ എ.ഐ.എഫ്.എഫിന്റെ ഗുഡ് സർട്ടിഫിക്കറ്റ് പയ്യനാടിന് ലഭിച്ചിരുന്നു. ഒരു സെമി ഫൈനൽ ഉൾെപ്പടെ 13 മത്സരങ്ങൾക്കാണ് പയ്യനാട് പന്തുരുളുക. ബി, ഡി ഗ്രൂപ്പിലെ മത്സരങ്ങളാണ് ഇവിടെ നടക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിൻ എഫ്.സി, ഒഡിഷ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകൾക്ക് പുറമെ യോഗ്യത റൗണ്ട് വിജയിച്ചെത്തുന്ന ടീമുകളും പയ്യനാട് കളത്തിലിറങ്ങും. ഒരോസമയം ഇരുപത്തയ്യായിരത്തിലധികം പേർക്ക് കളി കാണാനാകും. സന്തോഷ് ട്രോഫി ഫൈനലിന് ശേഷം ഗാലറി നവീകരിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരുവർഷത്തിനുശേഷവും നടപടി ഒന്നും ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.