ശ്രീവിദ്യയുടെ ചായയെങ്കില്‍ പെര്‍ഫെക്ട് ഓകെ...
text_fieldsപുളിക്കല്‍: 'വൈകീട്ട് ചായ, ഉണ്ണിയപ്പം, കേക്ക്, മച്ചാനെ അതുപോരെ...' ദിവസവും വൈകീട്ട് ചായയും ലഘുകടിയുമായി ശ്രീവിദ്യയെത്തുമ്പോള് പൊലീസുകാര്‍ക്ക് ആശ്വാസം. ലോക്ഡൗണില്‍ ദേശീയപാതയില്‍ പരിശോധനക്ക് നില്ക്കുന്ന പൊലീസുകാര്‍ക്കാണ് രാമനാട്ടുകര പാറമ്മല്‍ സ്വദേശിനി ശ്രീവിദ്യയെന്ന വീട്ടമ്മ മുടങ്ങാതെ സൗജന്യമായി ചായയും ലഘുകടിയും നല്‍കുന്നത്. ഈ മഹാമാരി കാലത്ത് കഷ്ടപെട്ട് ജോലിചെയ്യുന്ന പൊലീസുകാര്‍ക്ക് തന്നാലാവുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഴയത്ത് അവര്‍ക്ക് ആശ്വാസമെന്ന നിലയില്‍ നല്ല ചൂടുള്ള ചായയും ചെറിയ കടിയും നല്‍കുന്നതെന്ന് ശ്രീവിദ്യ പറഞ്ഞു.
ഫറോക്ക്, ഐക്കരപ്പടി, ഇടിമൂഴിക്കല്‍, ചെറുവണ്ണൂര്‍, വൈദ്യരങ്ങാടി എന്നിവിടങ്ങളിലെ വാഹന പരിശോധന കേന്ദ്രങ്ങളിലും ഫറോക്ക് സ്റ്റേഷനിലുമാണ് വൈകീട്ട് ശ്രീവിദ്യ ചായയുമായി എത്തുന്നത്. ഒരുദിവസം നൂറിന് മുകളില്‍ ചായയും കടിയും ഇവര്‍ക്കായി വിതരണം ചെയ്യുന്നു. വീട്ടില്‍നിന്ന് നല്ല കടുപ്പുമുള്ള ചായ തയാറാക്കി സമാവറിലൊഴിച്ച് വീട്ടില്‍തന്നെ പാകം ചെയ്ത ലഘു കടിയുമായി ഇവരുടെ അടുത്തെത്തും. പലപ്പോഴും ഓട്ടോ വാടകക്ക് വിളിച്ചാണ് ചായയുമായി എത്താറ്. ഉച്ചയോടെ ചായയും കടിയും തയാറാക്കല്‍ തുടങ്ങും. നാലുമണി കഴിഞ്ഞാല്‍ ചായ ഒരിടത്തുനിന്നും മറ്റൊരടുത്തേക്ക് എത്തിക്കാനുള്ള ഓട്ടമാണ് പിന്നീട്. അഞ്ചുദിവസം കഴിഞ്ഞു ഇവരുടെ ഈ ചായ വിതരണത്തിന്.
കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് രജീഷ് പൂര്‍ണ പിന്തുണയുമായുണ്ട്. ചാലിയത്തുകാരായ ഇവര്‍ വാടകക്കാണ് രാമനാട്ടുകരയില്‍ താമസം. മാളവിക, സൂര്യ, ശ്രീഭദ്ര എന്നിവര്‍ മക്കളാണ്. ഒന്നര വയസ്സായ ശ്രീഭദ്രയുടെ ചികിത്സാർഥം വന്ന സാമ്പത്തിക ബാധ്യത കാരണം സ്വന്തമായുണ്ടായിരുന്ന കാര്‍ ഇവര്‍ക്ക് വില്‍ക്കേണ്ടി വന്നു. കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതില്‍ ചായ എത്തിച്ച്നല്കാമായിരുന്നുവെന്നും ഇതില്ലാത്തതിനാല്‍ ഓട്ടോ വാടകക്ക് വിളിച്ചാണ് വിതരണമെന്നും ശ്രീവിദ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.