പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റ്; മുറികൾക്ക് മുൻകൂർ പണം നിക്ഷേപിച്ചവർ കുത്തിയിരിപ്പ് സമരത്തിന്
text_fieldsപെരിന്തൽമണ്ണ: 38.5 കോടി രൂപയുടെ ആധുനിക ഇൻഡോർ മാർക്കറ്റിൽ മുറികൾക്ക് മുൻകൂർ പണം നിക്ഷേപിച്ചവർ മുറികളോ നൽകിയ പണമോ ലഭിക്കാതെ പ്രതിസന്ധിയിൽ. വാങ്ങിയ പണമോ രൂപരേഖയിൽ ഉറപ്പുനൽകിയ പോലെ ആധുനിക ഇൻഡോർ മാർക്കറ്റ് മുറികളോ നൽകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പടക്കം സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് നിക്ഷേപകരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2019 ഡിസംബർ 20, 21 തീയതികളിൽ പെരിന്തൽമണ്ണ നഗരസഭ നടത്തിയ ലേല, നിക്ഷേപ സംഗമത്തിലാണ് നാലു നില കെട്ടിടത്തിന്റെ രൂപരേഖയും പ്ലാനും കാണിച്ച് പ്രവാസികളിൽ നിന്നടക്കം പണം വാങ്ങിയത്. കെട്ടിടത്തിൽ ഓരോ മുറികൾക്കും നമ്പറിട്ടാണ് മുറികൾ ലേലം ചെയ്തത്. ലേലത്തുകയുടെ പകുതി 15 ദിവസത്തിനകം അടക്കാൻ നിർദേശിക്കുകയും ചെയ്തു. മൂന്നു വർഷമായിട്ടും ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കി കൈമാറിയിട്ടില്ല. ലേലം കഴിഞ്ഞ് ഒരു വർഷത്തിനകം കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. കെട്ടിടം നിർമിക്കേണ്ട 2.73 ഏക്കർ ഭൂമി ഈടുവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാൻ മതിയായ രേഖയില്ലാത്തതിൽ കഴിയുന്നില്ല.
ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കാനാവാത്തതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണമെന്നും സാവകാശം ആവശ്യപ്പെടുകയാണെന്നും നിക്ഷേപകർ പറഞ്ഞു. പണം മുടക്കിയവർ മുഖ്യമന്ത്രി, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവർക്കും വിശദ പരാതി നൽകിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന മാർക്കറ്റ് പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. വാർത്താസമ്മേളനത്തിൽ സമിതി ചെയർമാൻ റഷീദ് കിഴിശ്ശേരി, കൺവീൻ സൈതലവി കോരത്തൊടി, റുഖിയ പച്ചീരി, സുലൈഖ കിഴക്കേതിൽ, കബീർ തേക്കിൽ, ഒ.പി. മുസ്തഫ എന്നിവർ പങ്കെടുത്തു.
മുൻകൂർ ലേല നിക്ഷേപം: വിളിച്ചത് 30.11 കോടിക്ക്, പിരിഞ്ഞുകിട്ടിയത് 17.66 കോടി
പെരിന്തൽമണ്ണ: മൂന്നുവർഷം മുമ്പ് മുൻ ഭരണസമിതിയുടെ കാലത്ത് പെരിന്തൽമണ്ണ നഗരസഭ നടത്തിയ ലേല നിക്ഷേപ സംഗമത്തിൽ 30.11 കോടി രൂപക്കാണ് 127 മുറികളിൽ 90 എണ്ണം ലേലത്തിൽ പോയതെന്നും ഇതിൽ 17.66 കോടി രൂപയാണ് ലഭിച്ചതെന്നും നഗരസഭ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതുവരെയായി 15.9 കോടിയുടെ 41.29 ശതമാനം പൂർത്തിയാക്കി. നാലു നിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ഇൻഡോർ മാർക്കറ്റ് വിഭാവം ചെയ്തത്. ലേലത്തുകയിൽ 12.45 കോടി കൂടി ലഭിക്കാനുണ്ടെ്. 197 പുനരധിവാസക്കാരായ കച്ചവടക്കാർ 2.8 കോടി രൂപ നഗരസഭയിൽ നൽകി. ഇവരിൽനിന്ന് ഇനിയും 1.48 കോടി ലഭിക്കാനുണ്ട്. കൂടാതെ 4.75 കോടി രൂപ ഹഡ്കോ വായ്പ ലഭിച്ചിട്ടുണ്ട്. 13.93 കോടി രൂപ ഇനിയും നിക്ഷേപ ഇനത്തിൽ ലഭിക്കാനുണ്ട്. പദ്ധതി പ്രകാരം 36 കടമുറികളും 1899 ചുതുരശ്രയടി ടെറസ് ഏരിയയും ഇനിയും ലേലത്തിൽ പോകാനുണ്ട്.
പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെയും ഇൻഡോർ മാർക്കറ്റിന്റെയും പ്രവൃത്തികൾ ജനകീയമായി പൂർത്തിയാക്കുന്നതിനു വേണ്ടി ഒരുമിച്ചാണ് മുൻകൂർ ലേലനിക്ഷേപ സംഗമം നടത്തിയത്. ഇൻഡോർ മാർക്കറ്റ് പദ്ധതി 38.5 കോടി ചെലവിട്ട് രണ്ടുഘട്ടങ്ങളിലായാണ് നിർമാണം ആസൂത്രണം ചെയ്തത്. നേരത്തേയുള്ള കച്ചവടക്കാരുടെ പുനരധിവാസവും ഇതിൽ വരും. ഒന്നാം ഘട്ടം 85 ശതമാനം പൂർത്തിയായി. കാലതാമസം വന്നെങ്കിലും കുറ്റമറ്റ രീതിയിൽ കെട്ടിടം പൂർത്തിയാക്കി കൈമാറുമെന്നും ചെയർമാൻ പി. ഷാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.