പാണമ്പിയിൽ 10 ആദിവാസി കുടുംബങ്ങൾക്ക് വീടുയരുന്നു
text_fieldsപെരിന്തൽമണ്ണ: പാണമ്പിയിലെ ഇടിഞ്ഞാടി ആദിവാസി കോളനിയിലെ പത്ത് കുടുംബങ്ങൾക്കുള്ള വീട് നിർമാണം പുരോഗമിക്കുന്നു.
2018ലെ പ്രളയത്തിന് ശേഷം കലക്ടർ ഇടപെട്ട് അനുവദിച്ച ഒരു കോടി രൂപ കൊണ്ട് ഭൂമി ഏറ്റെടുക്കാനും വീടുവെക്കാനും അന്ന് ഉദ്യോഗസ്ഥരും ശ്രമിക്കാത്തതിനാൽ നടക്കാതെപോയതാണ് ആദിവാസികളുടെ ഭവന പദ്ധതി. ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപ വെച്ചാണ് സ്ഥലത്തിനും വീടിനും അനുവദിച്ചത്. പിന്നീട് താഴേക്കോട് പഞ്ചായത്തിൽ പുതിയ ഭരണ സമിതി വന്ന ശേഷമാണ് ശ്രമം തുടങ്ങിയത്.
പാണമ്പി ഇടിഞ്ഞാടിയിൽ കുത്തനെയുള്ള മലയോരത്ത് പത്ത് കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുള്ള താൽക്കാലിക കുടിലുകളിലാണ് കഴിയുന്നത്. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ഇവരെ മാറ്റി പാർപ്പിച്ചിരുന്നു.
2021 ജനുവരിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് മൊയ്തുപ്പ, വാർഡ് അംഗം ഫറൂഖ്, ആദിവാസി ക്ഷേമ സാമൂഹിക പ്രവർത്തകൻ കെ.ആർ.രവി എന്നിവർ സബ് കലക്ടറെ കണ്ട് ഭൂമി ഏറ്റെടുക്കൽ ശ്രമം തുടങ്ങി.
തുടർന്നാണ് 60 ലക്ഷം രൂപക്ക് ഭൂമി കണ്ടെത്തിയത്. ശേഷിക്കുന്ന 40 ലക്ഷം കൊണ്ട് പഞ്ചായത്ത് മേൽനോട്ടത്തിലാണ് വീടുനിർമാണം ആരംഭിച്ചത്. ഇതിനു പുറമെ പട്ടികവർഗ ക്ഷേമ വകുപ്പ് ഒരു കുടുംബത്തിന് രണ്ടു ലക്ഷം വീതം കൂടി അനുവദിച്ചു. നാലു വീടുകളുടെ മെയിൻ സ്ലാബ് കഴിഞ്ഞു. അംബേദ്കർ പദ്ധതിയിൽ പാണമ്പി, ഇടിഞ്ഞാടി കോളനികളിലേക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.