താഴേക്കോട്-ആലിപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് 104.99 കോടി
text_fieldsപെരിന്തൽമണ്ണ: മുടങ്ങിക്കിടന്ന താഴേക്കോട്-ആലിപ്പറമ്പ് പഞ്ചായത്തുകൾക്കുള്ള വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിക്ക് പുതുജീവന്‍. ജലജീവന്‍ മിഷെൻറ സംസ്ഥാനതല എസ്.എല്‍.എസ്.സി യോഗം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി 104.99 കോടി രൂപയുടെ അനുമതി നല്കി.
30 കോടി രൂപ ചെലവഴിച്ച് പദ്ധതിയുടെ ആദ്യ ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനും ജലജീവന്‍ മിഷന് ജില്ലതല സമിതി തീരുമാമെടുത്ത് സംസ്ഥാന സമിതിക്ക് അയച്ച് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. 139 കോടി രൂപയുടെ എസ്റ്റിമേറ്റ് നേരത്തേ ജലവിഭവ വകുപ്പ് തയാറാക്കിയിരുന്നെങ്കിലും പണം അനുവദിച്ചില്ല.
തൂതപ്പുഴയിലെ വെട്ടിച്ചുരുക്ക് പ്രദേശത്താണ് പദ്ധതിയുടെ ഭാഗമായുള്ള സംവിധാനങ്ങള്‍. 12,000ൽ അധികം കുടുംബങ്ങളിലെ 84,000 പേര്‍ക്ക് ഗുണകരമാവും എന്നാണ് കണക്ക്. കഴിഞ്ഞ നിയമസഭ സമ്മേളന വേളയില്‍ ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ വാട്ടര്‍ അതോറിറ്റി എം.ഡി. വെങ്കിടേഷ്പതിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇടപെടലുകളും നടത്തി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജലജീവന്‍ മിഷന് ഡയറക്ടറും വാട്ടര്‍ അതോറിറ്റി എം.ഡിയുമായ വെങ്കിടേഷ്പതി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.