സർക്കാറിനെതിരെ രോഷം പടർത്തി 12 കിലോമീറ്റർ സമരയാത്ര
text_fieldsപെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നടത്തിയ ശേഷം പാതിവഴിയിലായ നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയുടെ പുനർനിർമാണ വിഷയമുയർത്തി യു.ഡി.എഫ് നടത്തിയ സമരയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സർക്കാറിനും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യം ഉയർന്നു. ബുധനാഴ്ച വൈകീട്ട് മൂന്നിന് പുലാമന്തോളിൽ ഉദ്ഘാടനം നടത്തിയ യാത്ര 12 കി.മീ നടന്ന് നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ രാത്രി ഏഴിന് പെരിന്തൽമണ്ണയിലെത്തി. കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി എന്നിവിടങ്ങളിൽ ജനകീയ സ്വീകരണവും ഒരുക്കി.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി റോഡ് തകർച്ചയുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളും സ്ത്രീകളും വിദ്യാർഥികളുമടക്കം സമരയാത്ര കാണാൻ റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാനപാത.
ഫണ്ടനുവദിച്ച് പണി തുടങ്ങിയെങ്കിലും പണം നൽകുന്നില്ലെന്ന് പറഞ്ഞ് കരാറുകാരൻ ഇട്ടെറിഞ്ഞ് പോയതും ജനങ്ങളനുഭവിക്കുന്ന ദുരിതവും മൂന്നു തവണ നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ചതാണ്. സമരത്തിന്റെയും ജനരോഷത്തിന്റെറയും തീവ്രത കുറക്കാൻ സമര വഴിയിൽ രണ്ടു ദിവസമായി വലിയ കുഴികൾ അടക്കാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ വെച്ച് ശ്രമിച്ചെങ്കിലും സമരാവേശത്തിന് കുറവുണ്ടായില്ല. പെരിന്തൽമണ്ണ കോടതിപ്പടയിൽ പൊതുസമ്മേളനത്തോടെ സമരയാത്ര സമാപിച്ചു.
രാത്രിയിലെ സമരയാത്ര പന്തമേന്തി
പെരിന്തൽമണ്ണ: പുലാമന്തോളിൽനിന്ന് തുടങ്ങിയ യു.ഡി.എഫ് സമരയാത്ര പെരിന്തൽമണ്ണയിലെത്തിയത് രാത്രി 7.30ന്. പന്തമേന്തിയുള്ള സമരയാത്ര കാണാൻ വഴിയരികിൽ നിരവധി പേർ കാത്തുനിന്നു. യാത്രയിലുടനീളം കൂടെ നടന്ന ആനമങ്ങാടുള്ള ചക്കിയമ്മയെ ചടങ്ങിൽ ആദരിച്ചു. സ്ത്രീകളടക്കമുള്ളവരാണ് 12 കിലോമീറ്റർ എം.എൽ.എയോടൊപ്പം നടന്നത്. കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളടക്കമുള്ളവർ നിവേദനങ്ങൾ നൽകി. അഴുക്കുചാൽ അടഞ്ഞതും അശാസ്ത്രീയ റോഡ് പണിയുമടക്കം ചൂണ്ടിക്കാട്ടി. പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷനിൽ ഒരുകൂട്ടം സ്ത്രീകൾ നിവേദനം നൽകി.
സ്വീകരണ കേന്ദ്രങ്ങളിൽ ഒപ്പുശേഖരണവും നടത്തി. പെരിന്തൽമണ്ണയിൽ സമാപന പൊതുസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കോൺഗ്രസ് നേതാക്കളായ സി. സേതുമാധവൻ, വി. ബാബുരാജ്, അരഞ്ഞിക്കൽ ആനന്ദൻ, എം.എം. സക്കീർ ഹുസൈൻ, മണ്ഡലം ലീഗ് പ്രസിഡന്റ് എ.കെ. മുസ്തഫ, സെക്രട്ടറി എസ്. അബ്ദുസ്സലാം, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ശശി മണിലായ, നാലകത്ത് ഷൗക്കത്ത്, പച്ചീരി ഫാറൂഖ്, ബഷീർ നാലകത്ത്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, സെക്രട്ടറി ഫത്താഹ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.