അഞ്ചു വർഷം മുമ്പ് വീടിന് അനുവദിച്ച 126.7 കോടി ഇപ്പോഴും ബ്ലോക്കുകളുടെ അക്കൗണ്ടിൽ
text_fieldsപെരിന്തൽമണ്ണ: കേന്ദ്ര ഭവനപദ്ധതിയായ ഇന്ദിര ആവാസ് യോജനയിൽ (ഐ.എ.വൈ) 2016ലും അതിന് മുമ്പും കേന്ദ്രസർക്കാർ അനുവദിച്ച 126.7 കോടി രൂപ ചെലവഴിക്കാതെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ അക്കൗണ്ടുകളിൽ കിടക്കുന്നു. വർഷങ്ങളായി അക്കൗണ്ടിൽ കിടന്നതിനാൽ പലിശയടക്കം ചേർത്താണ് ഇത്രയും തുക. ഇന്ദിര ആവാസ് യോജന പദ്ധതി ബി.ജെ.പി സർക്കാർ പേരുമാറ്റി ഇപ്പോൾ പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കിയിട്ടുണ്ട്.
ഇത്തവണ സംസ്ഥാനത്തിന് അനുവദിച്ച വീടുകളുടെ എണ്ണം 13,307 ആണ്. ഇവ ജില്ലകൾക്കും അവിടെ നിന്ന് ബ്ലോക്കുകൾക്കും ബ്ലോക്കുകൾ ഗ്രാമപഞ്ചായത്തിനും വീതിച്ച് നൽകി അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി ജിയോടാഗിങ് പൂർത്തിയാക്കുന്ന തിരക്കിലാണ്. നേരത്തെ അനുവദിച്ചവയിൽ വിവിധ ബ്ലോക്കുകളിൽ ശേഷിക്കുന്ന തുക ഈ വർഷം നിർമിക്കേണ്ടവക്ക് നിർബന്ധമായും ചെലവിടാൻ ഗ്രാമവികസനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം കേന്ദ്രം അനുവദിച്ച വീടുകൾക്ക് ആനുപാതികമായ തുക ഇത്തവണ ലഭിക്കും. എന്നാൽ, മുമ്പനുവദിച്ച 126.7 കോടി അക്കൗണ്ടുകളിലുള്ളതിനാൽ ഇത്തവണ അനുവദിക്കുന്നതിൽ കുറവുണ്ടാകും. ഐ.എ.വൈ ഭവനപദ്ധതിക്ക് വീട് ഒന്നിന് കേന്ദ്രം 70,000 രൂപയാണ് അനുവദിച്ചിരുന്നത്. പി.എം.എ.വൈയിൽ കേന്ദ്രവിഹിതം 1.2 ലക്ഷമാണ്.
ബ്ലോക്ക് 1.12 ലക്ഷവും ജില്ല പഞ്ചായത്ത് 98,000 രൂപയും ഗ്രാമപഞ്ചായത്ത് 70,000 രൂപയുമാണ് ഒരു വീടിന് നൽകേണ്ടത്. അതേസമയം, കേന്ദ്രസർക്കാർ ഓരോ വർഷവും സംസ്ഥാനത്തിന് നൽകുന്ന വിഹിതത്തിന്‍റെ ആനുപാതികമായി സംസ്ഥാന സർക്കാറും ത്രിതല പഞ്ചായത്തുകളും നിശ്ചിത വിഹിതമെടുത്ത് നാല് ലക്ഷം രൂപയാണ് വീടൊന്നിന് അനുവദിക്കാറ്. ആനുപാതിക വിഹിതം കണ്ടെത്തേണ്ടി വരുന്നതിനാൽ പലപ്പോഴും കേന്ദ്രസർക്കാർ അനുവദിക്കുന്ന വിഹിതം ത്രിതല പഞ്ചായത്തിനും സംസ്ഥാന സർക്കാറിനും വലിയ ബാധ്യതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.