പെരിന്തൽമണ്ണ നഗരസഭക്ക് പൂർത്തിയാക്കാനുണ്ട്, ഏഴുകോടിയുടെ ടൗൺ ഹാൾ
text_fieldsപെരിന്തൽമണ്ണ: സാമ്പത്തിക പ്രതിസന്ധിയിൽ മുടങ്ങിയ പെരിന്തൽമണ്ണ നഗരസഭയിലെ വികസന പദ്ധതികളിൽ ടൗൺഹാൾ പുനർനിർമാണവും. ഈ വർഷം പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിന്റെ കൂടെ ഇതും പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. നഗരസഭ 25ാം വാർഷികത്തിന്റെ ഭാഗമായി 2019 അവസാനം നഗരസഭ തുടക്കമിട്ട ഏഴു കോടി രൂപയുടെ പദ്ധതിയാണിത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.എ.സി.ടി.ആർ.സി.എഫിനാണ് നിർമാണച്ചുമതല.
ടൗൺഹാൾ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച് രണ്ടുനില കെട്ടിടത്തിന്റ പ്രാഥമിക രൂപമായതാണ്. സാമ്പത്തിക പ്രസിതിസന്ധിയെ തുടർന്നാണ് നിർമാണം നിലച്ചത്. നഗരസഭ 30 കോടി രൂപ വായ്പയെടുത്ത് മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുന്നവയിൽ ഇതും പൂർത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. കൺവെൻഷൻ സെന്റർ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്.
മൂന്നു നിലകളിൽ 22,714 ചതുരശ്ര അടിയിലാണ് പുതുതായി കൺവെൻഷൻ ഹാൾ. ഇതിന്റെ ബേസ്്മെന്റ് ഫ്ലോറിൽ 50 കാറുകളും 200 ഓളം ഇരുചക്ര വാഹനങ്ങളും നിർത്താനാവും. ഗ്രൗണ്ട് ഫ്ലോറിൽ 250 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ, കിച്ചൺ എന്നിവയും പദ്ധതിയിലുണ്ട്.
ഒന്നാം നിലയിൽ 504 പേർക്ക് ഇരിക്കാവുന്ന ഹാളാണ് വിഭാവനം ചെയ്തത്. ഏഴുകോടി രൂപയാണ് നിർമാണത്തിന് കണക്കാക്കിയിരുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് മുൻനഗരസഭ ഭരണസമിതി കൺവെൻഷൻ സെന്റർ വിഭാവനം ചെയ്തത്.
നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ നാലര വർഷത്തിലേറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പഴയ മൂസക്കുട്ടി സ്മാരക ടൗൺഹാൾ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ ഒരു ഘട്ടത്തിൽ നരഗസഭക്കെതിരെ നിയമ നടപടി തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.