ലൈഫ് പദ്ധതിയുടെ പരിശോധന ഇഴയുന്നു: വീടിനായി കണ്ണുംനട്ട് 82,441 കുടുംബങ്ങൾ
text_fieldsപെരിന്തൽമണ്ണ: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി (ലൈഫ്) രണ്ടാം ഘട്ടത്തിലെ അപേക്ഷകളുടെ ഫീൽഡ്തല പരിശോധന രേഖകൾ സൈറ്റിൽ ചേർക്കുന്നത് നവംബർ 30നകം പൂർത്തിയാക്കാൻ നിർദേശിച്ചെങ്കിലും ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു. 26 ശതമാനമാണ് ജില്ലയിൽ പൂർത്തിയായത്. 2020ൽ ഒാൺലൈൻ വഴി 82,441 കുടുംബങ്ങളാണ് രണ്ടാം ഘട്ടത്തിൽ വീടിന് അപേക്ഷിച്ചത്.
94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി ഭൂമിയുള്ള ഭവനരഹിതരെയും ഭൂരഹിത ഭവനരഹിതരെയും വേർതിരിച്ചാണ് ഫീൽഡ്തല പരിശോധന നടത്തി വെബ്സൈറ്റിൽ ജിയോടാഗിങ് പൂർത്തിയാക്കുന്നത്. 700 മുതൽ 1000 കുടുംബങ്ങൾ വരെയാണ് ഒാരോ പഞ്ചായത്തിലും അപേക്ഷകർ. ഇതിൽ ഭൂമിയുള്ള ഭവനരഹിതർ 54,387ഉം ഭൂരഹിത ഭവനരഹിതർ 17,216ഉം ആണ്. 12 നഗരസഭകളിൽ ഇത് യഥാക്രമം 9196, 4647 എന്നിങ്ങനെയാണ്.
2017ൽ ലൈഫിൽ ഒന്നാം ഘട്ടത്തിൽ ഭവനരഹിതർക്കായി കുടുംബശ്രീ നടത്തിയ സർവേയിൽ വിവരങ്ങൾ നൽകി വീടിനു കാത്തിരുന്നിട്ടും ലഭിക്കാത്തവരാണ് ഇത്തവണത്തെ അപേക്ഷകരിൽ പകുതിയിലേെറയും. നിലമ്പൂർ താലൂക്കിൽ മലയോര മേഖലയിലാണ് ഭവനരഹിതർ കൂടുതൽ. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് മിക്ക കുടുംബങ്ങളെയും വീടിന് യോഗ്യരല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പുറത്ത് നിർത്തിയത്. പിന്നീട് നാലു വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് പുതുതായി റേഷൻ കാർഡുകൾ നൽകിയതോടെ ഇത്തവണ റേഷൻ കാർഡുമായി ഈ കുടുംബങ്ങൾ വീടിന് അപേക്ഷിച്ചിരിക്കുകയാണ്.
അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ പട്ടിക ഇനിയും ഏറെ ചുരുങ്ങാനാണിട. ഫീൽഡ്തല പരിശോധനയിൽ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ, അസി. സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്രവൈസർ എന്നിവർക്കുകൂടി ചുമതല നൽകി പൂർത്തിയാക്കാനാണ് നിർദേശം. അപേക്ഷയോടൊപ്പമുള്ള നികുതി ശീട്ട്, റേഷൻ കാർഡ്, ആധാർ കാർഡ് കുടുംബം ഇപ്പോൾ താമസിക്കുന്ന വീട് തുടങ്ങിയവ ഫോട്ടോ എടുത്ത് സൈറ്റിൽ വെച്ച് അപ്ലോഡ് ചെയ്യണം.
ഒന്നാം ഘട്ടത്തിൽ വീട് കിട്ടിയവർ 22500, ഭൂരഹിതർ ഇപ്പോഴും പട്ടികയിൽ തന്നെ
പെരിന്തൽമണ്ണ: ലൈഫ് ഭവന പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ വീട് അനുവദിച്ചത് 22,500 കുടുംബങ്ങൾക്ക്. ഇതിൽ 21,000 വീടുകൾ പൂർത്തിയായി. 1500ഒാളം വീടുകൾ നിർമാണത്തിലാണ്. രണ്ടാം ഘട്ടത്തിലെ അപേക്ഷകർ പട്ടികയിൽ വരാതെ പോയാൽ ആദ്യം ബി.ഡി.ഒക്കും പിന്നീടും കരട് പട്ടികയിൽ ഇല്ലെങ്കിൽ കലക്ടർക്കും അപ്പീൽ നൽകാം. എല്ലാ ഘടകങ്ങളും മുൻഗണാക്രമവും പാലിച്ചാണ് പട്ടികയിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുക.
2017 ജനുവരി 18, 19 തീയതികളിൽ നടത്തിയ സർവേയിൽ സ്ഥലവും വീടും വേണ്ടവരായി കണ്ടെത്തിയത് പഞ്ചായത്തുകളില്‍ 28,425, നഗരസഭകളിൽ 7,974 എന്നിങ്ങനെ 36,399 കുടുംബങ്ങളായിരുന്നു. സർവേ നടക്കുമ്പോഴും ഒരു പട്ടികയിലും വരാതെ വീടും സ്ഥലവും ഇല്ലാത്തവരായി 49,833 വേറെയും ഉൾപ്പെട്ടതോടെ വീടു വേണ്ടവരുടെ ആകെ പട്ടിക 86,232 കുടുംബങ്ങളായി. ഇതിൽ നിന്നാണ് 22,500 കുടുംബങ്ങൾക്ക് വീട് നൽകിയത്.
ഭൂരഹിത ഭവനരഹിതരിൽ 6000 കുടുംബങ്ങളെ മാത്രമാണ് ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവർക്ക് നൽകാനുള്ള ഭൂമി ഇതുവരെ കണ്ടെത്തിയിട്ടില്ല. സർവേ വിവരങ്ങൾ പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ 49,523 അടക്കം 57,445 ഭൂരഹിതരുള്ളപ്പോഴാണിത്. 2011ല്‍ സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതിക്കായി വില്ലേജുകളിൽ അപേക്ഷ സ്വീകരിച്ചപ്പോൾ ലഭിച്ച വിവരം പ്രകാരം മലപ്പുറത്ത് 26,600 പേർക്കായിരുന്നു ഭൂമിയില്ലാതിരുന്നത്. ഇതിൽ നിന്ന് കുറഞ്ഞ കുടുംബങ്ങൾക്ക് മാത്രമാണ് മിച്ചഭൂമി ലഭിച്ചതും ഭൂമി വാങ്ങാൻ ഫണ്ട് കിട്ടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.