പെരിന്തൽമണ്ണ ജില്ല ആശുപത്രി 12 കോടിയുടെ കെട്ടിടത്തിന് പുതിയ ഡി.പി.ആര് തയാറാക്കും
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന കെട്ടിടത്തിന് കിറ്റ്കോ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) നജീബ് കാന്തപുരം എം.എൽ.എ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, ഡോക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. നിര്‍ദിഷ്ട കെട്ടിടത്തില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാൻ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ഉള്പ്പെടെയുള്ളവര്അറിയിച്ചു.
യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ ഡി.പി.ആര് തയാറാക്കുക. ഇതിന് മൂന്നാഴ്ച കൂടി ആവശ്യമാണെന്ന് കിറ്റ്കോ അധികൃതര്‍ പറഞ്ഞു. മൂന്നാഴ്ചക്കകം പുതുക്കിയ ഡി.പി.ആര് തയാറാക്കി സമര്‍പ്പിക്കാന്‍ യോഗം ഏജന്‍സിക്ക് നിര്‍ദേശം നല്കി. പുതുക്കിയ ഡി.പി.ആര് ബന്ധപ്പെട്ടവര്‍ വീണ്ടും പരിശോധിച്ച് അന്തിമ അനുമതി നല്കി കിഫ്ബിക്ക് കൈമാറും. പുതിയ ഡി.പി.ആറിനൊപ്പം ആശുപത്രിയുടെ സമഗ്ര വികസനത്തിനായി കെല് തയാറാക്കിയ മാസ്റ്റര്‍ പ്ലാനും പരിശോധിക്കും.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ, സൂപ്രണ്ട് ഡോ. സി. ബിന്ദു, ആര്.എം.ഒ ഡോ. അബ്ദുറസ്സാഖ്, ഡോ. രാജു, ഡോ. ഫാറൂഖ്, ഡോ. സി.അനൂപ്, കിറ്റ്കോ പ്രതിനിധികളായ കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ റഷീദ്, പി.ആർ. സുജാത, ടോം ജോസ്, രമിത്ത് ആര്.ചന്ദ്രന്, സോണി മെക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫണ്ട് അനുവദിച്ചത് 2020 ആദ്യം; ഒന്നും ചെയ്യാതെ മൂന്ന് വർഷം
പെരിന്തല്‍മണ്ണ: മൂന്നുവർഷം മുമ്പ് ജില്ല ആശുപത്രിയിൽ കിഫ്ബി വഴി സർക്കാർ അനുവദിച്ച പദ്ധതിയിൽ കാത്തിരിപ്പുകൾക്ക് ശേഷം ഡി.പി.ആര് തയാറാക്കിയപ്പോഴും അപാകതകൾ. നിർവഹണ ഏജൻസിയായ കിറ്റ്കോ പല തടസ്സങ്ങൾ പറഞ്ഞാണ് മൂന്ന് വർഷത്തിനു ശേഷം ഡി.പി.ആർ തയാറാക്കിയത്. ഇതിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും വീണ്ടും നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. അത്യാഹിത വിഭാഗത്തിനായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിനായാണ് ഫണ്ട്. ഗ്രൗണ്ട് ഫ്ളോര്‍ കൂടാതെ രണ്ട് നിലകളിലുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.
അത്യാഹിത വിഭാഗത്തിനായി കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 12 കോടി രൂപയാണ് അനുവദിച്ചത്. ഡി.പി.ആര് തയറാക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും സർക്കാറോ ജില്ല പഞ്ചായത്തോ ജനപ്രതിനിധികളോ താൽപര്യമെടുക്കാത്തതിനാൽ അനന്തമായി നീണ്ടു. കിഫ്ബിയുടെ വിവിധ നിർവഹണ ഏജൻസികളുടെ അവലോകന യോഗത്തിൽ ഒരു വർഷം മുമ്പ് ഡി.പി.ആർ തയാറാക്കിയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവർ ആരോഗ്യമന്ത്രിയെ അറിയിച്ചത്. ഡി.പി.ആർ ഇനി ന്യൂനത തീർത്ത് കിഫ്ബി അംഗീകാരത്തിന് നൽകണം. ഇത്ര വൈകിയതിനാൽ ധനവകുപ്പ് അംഗീകാരവും വാങ്ങേണ്ടി വരും. ശേഷം സാങ്കേതികാനുമതി നേടി ടെൻഡർ നടപടിയിലേക്ക് കടക്കാൻ ഇനിയും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.