കൃഷി ഓഫിസറുടെ റിപ്പോർട്ട് മറികടന്നും വയൽ നികത്താൻ അനുമതി
text_fieldsപെരിന്തൽമണ്ണ: കൃഷി ഓഫിസറുടെ റിപ്പോർട്ട് മറികടന്നും പെരിന്തൽമണ്ണ സബ് കലക്ടർ ഓഫിസിൽ ഭൂമി തരം മാറ്റാൻ വ്യാപകമായി അനുമതി നൽകിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളാണ് പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ. വിജിലൻസ് സി.ഐ ജോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ കൃഷി, റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ ഓഫിസിൽ പരിശോധ നടത്തിയത്.
ഭൂമാഫിയയുടെ ഇടപെടലും സ്വാധീനവും പരിശോധനകളിൽ തന്നെ വ്യക്തമായി. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് കൃഷിയോഗ്യമെന്ന് കൃഷി ഓഫിസർ റിപ്പോർട്ട് നൽകിയ കൃഷിയിടങ്ങൾ നികത്താൻ അനുമതി നൽകിയത്. ശ്രീധന്യ സുരേഷ് സബ് കലക്ടറായിരിക്കെയുള്ള സമയത്തെ ഫയലുകളാണ് സംഘം അധികവും പരിശോധിച്ചത്. കൃഷി ഓഫിസറുടെ റിപ്പോർട്ടുണ്ടെങ്കിലും ആവശ്യമെങ്കിൽ ഫീൽഡ് തല പരിശോധന നടത്തി തരംമാറ്റാൻ അനുമതി നൽകാവുന്നതാണെന്ന് കണ്ടാൽ ആർ.ഡി.ഒക്ക് അനുമതി നൽകാം. എന്നാൽ, അത്തരത്തിലുള്ള പരിശോധനകൾക്കപ്പുറത്ത് കണ്ണായ സ്ഥലങ്ങൾ ഭൂമാഫിയയുടെ സ്വാധീനത്തിൽ നികത്താൻ അനുമതി നൽകിയതായാണ് കണ്ടെത്തിയത്.
ഏറനാട് താലൂക്കിലെ നറുകര വില്ലേജിലെ ചില അപേക്ഷകൾക്ക് ഇത്തരത്തിൽ നികത്താൻ അനുമതി നൽകി. പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ വില്ലേജിലെ ഒരു കൃഷിയിടവും പെരിന്തൽമണ്ണ താലൂക്കിലെ പുളങ്കാവിനു സമീപത്തെ വയലും കൃഷി ഓഫിസറുടെ റിപ്പോർട്ട് മറികടന്നാണ് നികത്താൻ അനുവദിച്ചത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 50 സെന്റിൽ കൂടുതലുള്ള കൃഷിയിടം നികത്താൻ അനുമതി നൽകുമ്പോൾ പത്തു ശതമാനം ഭൂമി ജലവിന്യാസത്തിന് നിലനിർത്തണമെന്നത് ചട്ടമാണ്. ഇത് കടലാസിൽ മാത്രമേയുള്ളൂ.
റാന്റം പരിശോധനയിൽ എട്ട് അപേക്ഷകളിൽ ചട്ടം മറികടന്ന് അനുമതി നൽകിയതായി കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ തുടർന്നു. വിജിലൻസ് സി.ഐ ജ്യോതീന്ദ്ര കുമാറിനോടൊപ്പം തഹസിൽദാർ ഹക്കീം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, എസ്.ഐമാരായ ടി.ടി. ഹനീഫ, ഷിഹാബ്, സീനിയർ സി.പി.ഒ വിജയൻ, ധനേഷ് എന്നിവരായിരുന്നു സംഘത്തിൽ. റിപ്പോർട്ട് സർക്കാറിലേക്ക് നൽകും. തുടർ പരിശോധനകളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.