ആതുര സേവനം ലക്ഷ്യമാക്കി സി.എച്ച് സെന്റർ സമർപ്പണം ജനുവരി മൂന്നിന്
text_fieldsപെരിന്തൽമണ്ണ: നൂറുകണക്കിന് രോഗികൾക്കും അശരണർക്കും ആശ്വാസമായി താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സി.എച്ച് സെന്റർ പുതുവർഷത്തിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി മൂന്നിന് സെന്ററിന്റെ മുഖ്യരക്ഷാധികാരി കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
രക്ഷാധികാരികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, നജീബ് കാന്തപുരം, കെ.പി.എ. മജീദ്, നാലകത്ത് സൂപ്പി, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. പാലിയേറ്റിവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങൾ ഹോസ്പിറ്റൽ പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ പ്രത്യേകതയാണ്. ലബോറട്ടറി, ഫാർമസി, ഫിസിയോ തെറപ്പി സെന്റർ, ട്രോമാകെയർ സെന്റർ, വളന്റിയർ ട്രെയ്നിങ് സെന്റർ, ബ്ലഡ് ഡോണേസ് ഫോറം, സമ്മേളന ഹാൾ തുടങ്ങിയവയും സെന്ററിലുണ്ടാവും.
2021 മുതൽ നിലവിൽ സി.എച്ച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് 6.30ന് കെ.എം.സി.സി, വിവിധ ചാപ്റ്റർ ഭാരവാഹികൾ, പ്രവാസികൾ, അഭ്യുദയകാംക്ഷികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഖത്തർ കെ.എം.സി.സി ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. പ്രശസ്ത ഗായകരായ കെ. മുഹമ്മദ് ഈസ, ഐ.പി. സിദ്ദിഖ്, കണ്ണൂർ മമ്മാലി, പട്ടുറുമാൽ ഫെയിമുകളായ ദിൽന ഹസൻ, രഹന സൈനുദ്ദീൻ, ഹസീന ബീഗം, ഫൈസൽ എളേറ്റിൽ തുടങ്ങിയവരാണ് സംഗീത വിരുന്ന് ഒരുക്കുക.
വാർത്ത സമ്മേളനത്തിൽ പെരിന്തൽമണ്ണ സി.എച്ച് പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ, ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ, ഭാരവാഹികളായ എം.എസ്. അലവി തച്ചനാട്ടുകര, കെ. അബൂബക്കർ ഹാജി, സലിം കുരുവമ്പലം, റഷീദ് ആലായൻ, റിയാസ് കൊപ്പം, മാനുപ്പ കുറ്റീരി, അഡ്വ. അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.
സേവനം പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സി.എച്ച്. സെന്റർ സേവനങ്ങൾ ലക്ഷ്യമിടുന്നത് പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൂടി വേണ്ടി. പെരിന്തൽമണ്ണയിലാണ് കേന്ദ്രമെങ്കിലും സമീപ പ്രദേശങ്ങളായ മണ്ണാർക്കാട്, പട്ടാമ്പി, ചെർപ്പുളശേരി എന്നിവിടങ്ങളിലെയും പരിസരങ്ങളിലെയും രോഗികളും എത്താറുണ്ട്. ഇവിടങ്ങളിലെ അശരണരായ രോഗികൾക്കും സി.എച്ച്. സെന്റർ സഹായകമാവും.
മൃതദേഹം കുളിപ്പിക്കാനും മറ്റും സൗകര്യമൊരുക്കും. നിലവിൽ ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ അത്തരം സൗകര്യമില്ല. സ്ത്രീകളുടെ സേവനവും ഉപയോഗപ്പെടുത്തും. നിശ്ചിത സമയങ്ങളിൽ ഡോക്ടറുടെ സേവനവും ഉണ്ടാകും. ഡയാലിസിസ് സെന്ററും ലക്ഷ്യമിടുന്നുണ്ട്. അതുകൂടി മുന്നിൽകണ്ടാണ് പുതിയ കെട്ടിട നിർമാണം. ജില്ല ആശുപത്രിയുടെ മാതൃ-ശിശു ആശുപത്രിയുടെ പുറകിലായി 10 സെന്റ് സ്ഥലത്താണ് കേന്ദ്രം.
കാപ്പ് വെട്ടത്തൂർ ഇ.വി. മുഹമ്മദലി ഹാജിയുടെ മക്കളായ അബൂബക്കർ, ഫൈസൽ എന്നിവർ നൽകിയതാണ് ഈ ഭൂമി. നാലു നിലകളിലായാണ് പുതിയ സമുച്ചയം. കുറഞ്ഞ വാടകക്ക് നിലവിൽ ആംബുലൻസ് സേവനമുണ്ട്. കോവിഡ് കാലത്ത് വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് ഏറെ ആശ്വാസകരമായിരുന്നു. ഇത് കുറച്ചുകൂടി വിപുലമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.