ഫയലിലുറങ്ങിയ ആലിപ്പറമ്പ് കാളിക്കടവ് പാലം പദ്ധതിക്ക് അനക്കം
text_fieldsപെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയിൽ തൂതപ്പുഴക്ക് കുറുകെ ആലിപ്പറമ്പ് കാളിക്കടവിൽ പാലം പദ്ധതിക്ക് ചലനം. അനുവദിച്ച പാലത്തിന് അപ്രോച്ച് റോഡിനുള്ള ഭൂമിയില്ലാതെ ഫയലിൽ ഉറങ്ങിയ പദ്ധതിയിൽ അപ്രോച്ച് റോഡു കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് വിപുലപ്പെടുത്താനായി ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം 22ന് വൈകീട്ട് മൂന്നിന് തൂതയിൽ ചേരും. രണ്ടു മണ്ഡലങ്ങളിലെയും എം.എൽ.എമാർ, തദ്ദേശ ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പാലം യാഥാർഥ്യമാവാൻ പ്രവർത്തിച്ചു വരുന്ന പൊതുപ്രവർത്തകരും പങ്കെടുത്തും. 12 കോടി രൂപ മതിപ്പു ചെലവിൽ മഞ്ചേരി പി.ഡബ്ല്യു.യു (പാലം) വിഭാഗം തയാറാക്കിയ പദ്ധതിക്ക് കിഫ്ബി വഴി 2019-’20ൽ ബജറ്റിൽ ടോക്കൺ തുക വെച്ചതാണ്. നാലു വർഷമായിട്ടും യാതൊരു പുരോഗതിയുമില്ല. പാലം നിർമിച്ചാലും അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ആരും സൗജന്യമായി വിട്ടുനൽകാത്തതായിരുന്നു തടസം.
145 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമായി 42 സെന്റ് സ്ഥലം പുഴക്കരയിൽ മാർക്ക് ചെയ്ത് കുറ്റിയടിച്ചിട്ടുണ്ട്. നിർദ്ദിഷ്ട സ്ഥലം സർക്കാറിലേക്ക് വില കണക്കാക്കി വിട്ടുനൽകാൻ ഉടമകൾ സന്നദ്ധരാണ്. എന്നാൽ നടപടികൾ നീങ്ങിയില്ല. ഭൂമി വാങ്ങാൻ സർക്കാർ തലത്തിൽ നടപടി വേണം. ഭൂമിവില കൂടി പാലം പദ്ധതിയിൽ ചേർത്ത് എസ്റ്റിമേറ്റ് വിപുലപ്പെടുത്തണമെന്നാണ് ആവശ്യം. മലപ്പുറം-പാലക്കാട് ജില്ലകളെ കൂട്ടിയിണക്കി പെരിന്തൽമണ്ണ നഗരത്തിന് സമാന്തരമായി റോഡ് വഴി ഗതാഗതം എളുപ്പമാക്കുന്ന വിധത്തിലാണ് തൂതപ്പുഴയിൽ നിർദ്ദിഷ്ട പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.