പെരിന്തൽമണ്ണയിലെ 'അമൃത്' കുടിവെള്ള പദ്ധതി; നഗരസഭക്ക് ലഭിച്ചത് ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് മാത്രം
text_fieldsപെരിന്തൽമണ്ണ: നഗരപ്രദേശങ്ങളിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ 2021ൽ തുടങ്ങിയ അമൃത് 2.0 പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭക്ക് ലഭിച്ചത് ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് തുക. 9970 വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാൻ 30 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് നൽകിയത്. ഇതിലേക്ക് 10.3 കോടി രൂപ അനുവദിച്ചതോടെ 3000 വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി. ലഭ്യമായ 10.3 കോടി രൂപ കൊണ്ട് അനുബന്ധ വിതരണ ശൃംഖലയും കുളിർമല, പാതായ്ക്കര എന്നിവിടങ്ങളിലെ ജലസംഭരണികളിൽനിന്ന് വെള്ളമെത്തിക്കുന്ന പൈപ്പുകളും സ്ഥാപിക്കണം. നഗരസഭയിലെ ദേശീയപാതയെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ബൈപാസുകളിലെ വിതരണ ശൃംഖലയുടെ വിപുലീകരണം പൂർത്തിയാക്കണം. പദ്ധതി തുകയുടെ 50 ശതമാനമായ 5.161 കോടി രൂപയാണ് കേന്ദ്ര വിഹിതം. 37.5 ശതമാനം (3.871 കോടി രൂപ) സംസ്ഥാന വിഹിതവും 12.5 ശതമാനം (1.29 കോടി) നഗരസഭയുടെ വിഹിതവുമാണ്.
അടങ്കൽ തുകയായ പത്തുകോടിയുടെ 40 ശതമാനമായ നാലുകോടി രൂപ അവസാന ഗഡുവായി നൽകാൻ 2025 മാർച്ച് 31ന് മുമ്പ് നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ള പൈപ്പ് എത്തിക്കണം. നേരത്തേ കാണിച്ച 9970 വീടുകളിലാണ് പൈപ്പ് എത്തേണ്ടത്. ഇത്രയും വീടുകളിൽ വെള്ളമെത്തിക്കാൻ ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 20 കോടി രൂപ കൂടി വേണം. ഇതുകണ്ടെത്താനും മറികടക്കാനും അമൃത് 2.0 പദ്ധതിയെ മറ്റു പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള മാർഗങ്ങളാണ് നഗരസഭ ആരായുന്നത്. അതേസമയം, ആദ്യം നൽകിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 9970 വീടുകൾ പെരിന്തൽമണ്ണയിൽ കുടിവെള്ളം കാത്തിരിക്കുന്നില്ല. 19,120 വീടുകളാണ് താമസമുള്ളതും ഇല്ലാത്തതുമായി നഗരസഭയിലുള്ളത്. വ്യാപാര ആവശ്യത്തിന് മുറികളോ കെട്ടിടങ്ങളോ ആയി 10,075 നമ്പരുമുണ്ട്. അനുവദിച്ച പത്തുകോടി ചെലവിടണമെങ്കിൽ പോലും നഗരസഭയുടെ വിഹിതം 1.29 കോടി കണ്ടെത്തണം. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കാൻ ഫണ്ടില്ലാതെ കഷ്ടപ്പെടുന്ന പെരിന്തൽമണ്ണ നഗരസഭക്ക് ഇത്തരം പദ്ധതികൾ ബാധ്യതയാകുകയാണ്.
കിഫ്ബിയിൽ വെള്ളം എത്താത്തിടങ്ങളിലേക്ക് 'അമൃതി'ൽനിന്ന് വെള്ളം
പെരിന്തൽമണ്ണ: 'അമൃത് 2.0' പദ്ധതിയിൽ നഗരസഭയിൽ കുടിവെള്ള പൈപ്പ് നീട്ടി നൽകാനും ആശ്രയിക്കുന്നത് കട്ടുപ്പാറയിലെ അർബൻ ജലവിതരണ പദ്ധതി കിണർ. ഈ പദ്ധതിയിൽ വേണ്ടത്ര വെള്ളം വിതരണം നടക്കാത്തതിനാലാണ് കിഫ്ബിയിൽ 92 കോടി അനുവദിച്ച് രാമൻചാടി, അലീഗഢ് കുടിവെള്ള പദ്ധതി തുടങ്ങിയത്. ഇത് പാതി വഴിയിലാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന പൈപ്പ് ലൈനുകൾക്ക് പുറമെ ആവശ്യം വരുന്ന പ്രവൃത്തികളും പൈപ്പുകളുമാണ് അമൃതിൽ ഉൾപ്പെടുത്തുക. നിലവിൽ പെരിന്തൽമണ്ണ നഗരസഭയെയും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് രാമൻചാടി അലീഗഢ് പദ്ധതി. 2020ൽ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി 2022 ജൂണിൽ കമീഷൻ ചെയ്യുമെന്ന് പ്രോജക്ട് വിഭാഗം പലപ്പോഴായി ജനങ്ങളോട് ഉറപ്പ് നൽകിയിട്ടും പദ്ധതി പാതിവഴിയിലാണ്.
പദ്ധതിയിൽ വെള്ളം കാത്തിരിക്കുന്ന നഗരസഭയോ സമീപ പഞ്ചായത്തുകളോ പദ്ധതിയുടെ പുരോഗതി തിരക്കാത്തതുകൂടിയാണിതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.