അങ്ങാടിപ്പുറം ബൈപാസിന് വീണ്ടും പ്രതീക്ഷ; കിഫ്ബി സംഘം 26ന് എത്തും
text_fieldsപെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങിക്കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥലപരിശോധനക്കെത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തത്തിന് സമീപത്തുനിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തുമംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ബൈപാസ് പൂർത്തിയാക്കുന്ന കാര്യവും പരഗിണനയിലുണ്ട്. റോഡിനായി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. 4.01 കി.മീ ദൂരം ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ 250 കോടി രൂപയെങ്കിലും പ്രാഥമികമായി കണക്കാക്കുന്നു. പദ്ധതിക്ക് തയാറാക്കിയ രൂപരേഖ, ഇതുവരെ നടത്തിയ ഒരുക്കങ്ങൾ എന്നിവ നേരിൽ കാണാൻ ഒക്ടോബർ 26ന് അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.എം. അബ്രഹാം, നജീബ് കാന്തപുരം എം.എൽ.എയെ അറിയിച്ചത്.
അങ്ങാടിപ്പുറം വില്ലേജിൽ ഒരു സർവേ നമ്പറിലും പെരിന്തൽമണ്ണ വില്ലേജിലെ 24 സർവേ നമ്പറിലും വലമ്പൂരിലെ 54 സർവേ നമ്പറിലുമുള്ള ഭൂമിയുടെ വിശദാംശങ്ങളുമായി പൊതുമരാമത്ത് റോഡ്സ് വിഭാഗം ഒരു വർഷം മുമ്പ് ഭൂമിയേറ്റെടുക്കാൻ റിക്വിസിഷൻ തയാറാക്കിയിരുന്നു. ലാൻഡ് അക്വിസിഷൻ ഉത്തരവിറങ്ങാത്തതിനാൽ നടപടി നിലച്ചു. ബൈപാസ് കടന്നുപോവേണ്ടത് അങ്ങാടിപ്പുറം വലമ്പൂരിന് സമീപം റെയിൽവേയുടെ ഏഴുകണ്ണിപ്പാലത്തിന് മുകളിലൂടെയാണ്. റെയിൽവേ പാലത്തേക്കാൾ ഉയരത്തിലാണ് ഈ ഭാഗത്ത് റോഡ് വരിക. എത്രയാണ് വേണ്ട ഉയരമെന്നും മറ്റു വിവരങ്ങളും റെയിൽവേയോട് തേടിയിട്ടുണ്ട്. 2010ലാണ് ബൈപാസ് പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി പത്തുകോടി രൂപ ബജറ്റിൽ വകയിരുത്തിയത്. ഇതിനുപുറമെ 16.23 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ലാൻഡ് റിക്വിസിഷൻ ഫോം ബി.ടി.ആറും 2013ന് ശേഷമുള്ള ഭരണാനുമതിയും ചേർത്താണ് ഭൂമി ഏറ്റെടുക്കാൻ റിപ്പോർട്ട് തയാറാക്കിയത്.
ബൈപാസ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൊടിതട്ടിയെടുത്ത് ജനങ്ങളും
പെരിന്തൽമണ്ണ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കടയിലും പെരിന്തൽമണ്ണയിലും ഉയർന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന ഉറപ്പ് പൊതുജനങ്ങളും വ്യാപാരികളും വീണ്ടും ചർച്ചയാക്കുന്നു. പെരിന്തൽമണ്ണയിൽ ഇടതുസ്ഥാനാർഥി കെ.പി.എം. മുസ്തഫക്ക് മുമ്പേ ഇക്കാര്യം ചർച്ചയാക്കിയത് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരമായിരുന്നു. മങ്കടയിൽ മഞ്ഞളാംകുഴി അലിയും ഇത് പ്രചരണായുധമാക്കി.
അതേസമയം, ജനകീയാവശ്യത്തോട് ഇടതുസർക്കാർ പുറം തിരിഞ്ഞുനിൽക്കുകയാണെന്ന് ആരോപണമുണ്ട്. സർക്കാറും ജനപ്രതിനിധികളും വെറുംവാക്ക് പറഞ്ഞ് തലയൂരുന്നതിനെതിരെ വലിയ എതിർപ്പുണ്ട്. അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസ് കുരുക്കിൽപെട്ട് ആശുപത്രിയിലെത്താൻ വൈകി രോഗി മരിച്ച സംഭവം ആഴ്ചകൾ മുമ്പാണുണ്ടായത്. പ്രധാന സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുള്ള പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജീവൻതുടിക്കുന്ന ശരീരങ്ങളുമായി പായുന്ന ആംബുലൻസുകളെയാണ്. ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത വന്നാലും കോയമ്പത്തൂർ-മംഗലാപുരം ചരക്ക്കടത്ത് പാതയെന്ന നിലയിൽ വാഹനഗതാഗതം കുറയില്ല. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം നഗരങ്ങളിൽ അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറക്കാനും പുതിയ ബൈപാസ് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.