അങ്ങാടിപ്പുറം ലൈഫ് പദ്ധതി: വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsപെരിന്തൽമണ്ണ: ഭൂരഹിത, ഭവനരഹിതരായ 14 കുടുംബങ്ങൾക്ക് അങ്ങാടിപ്പുറം കിഴക്കേമുക്കിൽ ചെങ്കുത്തായ ഭാഗത്ത് ഭൂമി നൽകി അപകടാവസ്ഥയിൽ വീട് നിർമിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് മലപ്പുറം വിജിലൻസ് അന്വേഷണം തുടങ്ങി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് അന്വേഷണം. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുൻഭരണ സമിതിയുടെ കാലത്ത് 2019ലാണ് വീടുവെക്കാൻ ഇവിടെ ഭൂമി വാങ്ങിനൽകിയത്.
സെന്റിന് 75,000 രൂപ വെച്ച് മൂന്ന് സെന്റ് ഭൂമി വാങ്ങാനാണ് ഭൂരഹിതർക്ക് ഫണ്ട് അനുവദിച്ചത്. ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഇടനിലക്കാരായി ഭൂമി കച്ചവടം ഉറപ്പിക്കുകയായിരുന്നു. കുത്തനെ നിൽക്കുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തിയില്ലാതെയാണ് വീടുകൾ നിർമിച്ചത്. അപകടം സംബന്ധിച്ച ആശങ്കകൾ ശരിയാണെന്ന് 2022ൽ കാലവർഷം കനപ്പെട്ട ഘട്ടത്തിൽ തഹസിൽദാർ പരിശോധിച്ച് ഉറപ്പിച്ചതാണ്. ഇവിടെനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
23 അംഗ ഭരണസമിതിയിൽ വേണ്ടത്ര ചർച്ചകളോ പരിശോധനകളോ നടത്താത്തതിനാലും നിർവഹണ ഉദ്യോഗസ്ഥനെ മാത്രം കാര്യങ്ങൾ ഏൽപിച്ചതിനാലുമാണ് ഈ സ്ഥിതി വന്നത്. ഇപ്പോഴും സർവിസിലുള്ള ഉദ്യോഗസ്ഥർ ഏതെങ്കിലും താൽപര്യത്തിന്റെ പേരിൽ ഭൂമി വിൽപനക്ക് ഇടനിലക്കാരായിട്ടുണ്ടോ എന്നും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണെമന്നാണ് പരാതി. വീടുകൾക്കും മൺഭിത്തികൾക്കും ഇടയിൽ വേണ്ടത്ര സ്ഥലമില്ല. ഓരോ വീടുകളിലേക്കും വഴികളുടെ അഭാവവുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതിൽ കുറ്റക്കാരാണെന്ന് 2022 ആഗസ്റ്റ് 22ന് നടന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തിയിരുന്നു. പരാതി സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി മലപ്പുറം വിജിലൻസ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.