അങ്ങാടിപ്പുറം സ്റ്റേഷൻ വികസനം; റെയിൽവേ ഡിവിഷൻ മാനേജർ പരിശോധന നടത്തി
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വികസന പദ്ധതികൾ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിൽ വിലയിരുത്തി. പാലക്കാട്ടുനിന്ന് പ്രത്യേക ട്രെയിനിൽ എത്തിയ സംഘം അങ്ങാടിപ്പുറത്താണ് ആദ്യം പരിശോധന നടത്തിയത്. വലമ്പൂർ ഏഴുകണ്ണിപ്പാലമാണ് പ്രധാന പദ്ധതി. അതിന് അനുമതിയായിട്ടുണ്ട്. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപ ചെലവിട്ട് നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ശിലാഫലക അനാച്ഛാദനം കഴിഞ്ഞ ഫെബ്രുവരി 26ന് എം.പി. അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചിരുന്നു. പുതിയ കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, പ്ലാറ്റ്ഫോമുകളുടെ റീസർഫേസിങ്, പാർക്കിങ് ഏരിയ നിർമാണം, ടോയ്ലറ്റ് ബ്ലോക്ക്, ഫൂട്ട്ഓവർ ബ്രിഡ്ജ് എന്നിവയാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ യാഥാർഥ്യമാക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ ഫ്രണ്ട് ഏരിയ, സർക്കുലേറ്റിങ് ഏരിയ എന്നിവ ഡിസംബറിൽ പൂർത്തിയാക്കണം. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലേക്കുള്ള മേൽക്കൂര നിർമാണവും ഇതിൽ ഉൾപ്പെടും. ഷൊർണൂർ- നിലമ്പൂർ റൂട്ടിലെ ക്രോസിങ് സ്റ്റേഷനാണിത്. പഴയ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ഭാഗം പൊളിച്ചുമാറ്റി പുതുതായി പ്രവൃത്തി നടക്കുന്ന കാത്തിരിപ്പുകേന്ദ്രവുമായി ബന്ധിപ്പിക്കുന്നുണ്ട്. നിലവിലെ രണ്ട് പ്ലാറ്റ് ഫോമുകൾക്ക് പുറമെ മൂന്നാമത് ഒന്നുകൂടി പണിയുകയാണിവിടെ.
റെയിൽവേ സ്റ്റേഷനോട് ചേർന്ന എഫ്.സി.ഐ ഗോഡൗണിലേക്ക് ചരക്കെത്തുന്നതിന് ഇത് കൂടുതൽ സൗകര്യപ്രദമാകും. വൈദ്യുതീകരണവും ഏകദേശം പൂർത്തിയായി. എഫ്.സി.ഐയിലേക്ക് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയ പ്ലാറ്റ് ഫോം. ഒന്നാം പ്ലാറ്റ്ഫോമുമായി ഇതിനെ ബന്ധിപ്പിക്കും. സെപ്റ്റംബർ ഒന്നിന് റെയിൽവേ ഡിവിഷൻ എ.ഡി.ആർ.എം അങ്ങാടിപ്പുറത്ത് സന്ദർശനം നടത്തിയിരുന്നു.
എ.ആർ.ഡി.എം ജയകൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീകുമാർ, ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ് കൊളത്തിക്കൽ, സീനിയർ ഡിവിഷനൽ എൻജിനീയർ കോഓഡിനേഷൻ മുഹമ്മദ് ഇസ്ലാം, ഡിവിഷനൽ ഓപറേഷൻസ് മാനേജർ ഗോപു ഉണ്ണിത്താൻ, ഡിവിഷൻ എൻജിനീയർ (ഈസ്റ്റ്) അൻഷുൽ ഭാരതി തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ശേഷം ഒറ്റപ്പാലം ഷൊർണൂർ സ്റ്റേഷനുകളിലെ പ്രവൃത്തികളും വിലയിരുത്തി.
ഏഴുകണ്ണിപ്പാലം അടിപ്പാത: റെയിൽവേക്കും താൽപര്യം
അങ്ങാടിപ്പുറം: വലമ്പൂരിൽ ഏഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേയുടെ മേൽനോട്ടത്തിൽ അടിപ്പാത നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്കും താൽപര്യം. പദ്ധതിക്ക് അനുമതിയായതാണ്. ഇത് വേഗത്തിൽ പൂർത്തിയാക്കും. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വഴിയാണിത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് മേൽപാലം കയറാതെ എത്താവുന്ന വിധം അങ്ങാടിപ്പുറത്ത് നിലവിലെ എഫ്.സി.ഐ റോഡ് നവീകരണം പരിഗണനയിലാണ്. വെയർ ഹൗസിന് മുന്നിൽ രണ്ടാമതൊരു പാർക്കിങ് ഏരിയ കൂടി നിർമിക്കുന്നതിന്റെയും രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് മേൽപാലം പണിയുന്നതിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കും.
നടപ്പാത രൂപത്തിലുള്ള മേൽപാലം (ഫൂട് ഓവർ ബ്രിഡ്ജ്) ആറുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ആലോചന. ടൗണിൽനിന്ന് വരുന്നവർക്ക് എഫ്.സി.ഐയുടെ ലോറി പാർക്കിങ് ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് പരിഹരിക്കാനായി റോഡ് ഓവർ ബ്രിഡ്ജ് ആലോചിക്കുകയാണ്. പോളിടെക്നിക്കിന്റെ പിൻഭാഗത്ത് ഗ്രൗണ്ടിനോട് ചേർന്ന ഗെയ്റ്റ് കഴിഞ്ഞ് റോഡും കഴിഞ്ഞാണ് മേൽപാലം വരിക. ഒഴിഞ്ഞ സ്ഥലം ബൈക്ക് പാർക്കിങ്ങിന് അടക്കം വികസിപ്പിക്കും. ലോറി പാർക്കിങ് മറ്റൊരിടത്തേക്ക് മാറ്റണം. ചെയ്യേണ്ടത് എഫ്.സി.ഐയാണ്. അതിന് നിർദേശം നൽകിയിട്ടുണ്ട്. ചരക്ക് കടത്തുന്ന ഘട്ടത്തിൽ മാത്രമാണ് ലോറി നിർത്തിയിടേണ്ടതുള്ളൂ. എന്നാൽ സദാ നേരത്തും ഇവിടെ ലോറികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.