'ലൈഫ്'പട്ടികയിൽ ഇനി സൂക്ഷ്മപരിശോധന കടമ്പ: 40 ശതമാനത്തിലേറെ പേർ പട്ടികയിൽ വന്നിടത്തെല്ലാം പരിശോധന
text_fieldsപെരിന്തൽമണ്ണ: ലൈഫ് ഭവനപദ്ധതിക്കായി അപേക്ഷ നൽകി സൂക്ഷ്മ പരിശോധനക്കു ശേഷം തയാറാക്കിയ പട്ടികയുടെ പുനഃപരിശോധന തുടങ്ങി. ആകെയുള്ള അപേക്ഷകളിലെ 40 ശതമാനത്തിന് മുകളിൽ ആളുകൾ അർഹതപട്ടികയിൽ വന്ന തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളിലും ജില്ല കലക്ടർമാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അനർഹർ കടന്നുകൂടിയെന്നതിനാലാണ് പരിശോധന.
മാർച്ച് 15നകം സൂക്ഷ്മ പരിശോധന പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഏപ്രിൽ 18 വരെയാക്കി. സർക്കാർ നിർദേശിച്ച ക്ലേശഘടകങ്ങളുള്ളവരാണ് ലൈഫിൽ അപേക്ഷിച്ചവരും പട്ടികയിൽ വന്നവരും. ഇതിൽനിന്ന് പുറംതള്ളപ്പെടുന്നവരിൽ ഏറെയും ജനറൽ വിഭാഗത്തിൽ ഗുരുതരമായ ക്ലേശഘടകങ്ങളില്ലാത്തവരാവും.
അതേസമയം, അഞ്ചുവർഷം കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ട ഭവന പദ്ധതിയിൽ ആകെ അപേക്ഷകളുടെ കാൽഭാഗം പോലും ഉൾപ്പെട്ടിട്ടില്ലെന്ന പരാതികളുമായി തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.
മാർച്ച് പകുതിക്ക് ശേഷം നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റവതരണത്തിലും തുടർന്നുള്ള ചർച്ചകളിലും ജനപ്രതിനിധികൾ കാര്യമായി ഉയർത്തിയത് ഭവന രഹിതരുടെ ചോദ്യങ്ങൾ നേരിടാനാവുന്നില്ലെന്നാണ്. അപേക്ഷകൾ ലൈഫ് മിഷൻ പരിശോധിച്ച് പട്ടിക തയാറാക്കി പഞ്ചായത്തിലും നഗരസഭകളിലും എത്തിയപ്പോഴാണ് ഇതിലുള്ളവർ ആരെല്ലാമാണെന്ന് ജനപ്രതിനിധികൾ അറിയുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകിച്ച് പങ്കില്ലെങ്കിലും ചോദ്യവും പഴികളും തങ്ങളാണ് നേരിടുന്നതെന്ന് ജനപ്രതിനിധികൾ പറയുന്നു. ജനസംഖ്യയിലും തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലും മുന്നിട്ട് നിൽക്കുന്ന മലപ്പുറത്ത് ഭൂമിയും വീടുമില്ലാത്ത 21,080 കുടുംബങ്ങളും ഭൂമി മാത്രമുള്ള 61,381 കുടുംബങ്ങളുമടക്കം 82,461 കുടുംബങ്ങളാണ് അപേക്ഷിച്ചത്. അപേക്ഷ നൽകിയവരിൽ അര ലക്ഷം കുടുംബങ്ങളെയെങ്കിലും ഇതിൽനിന്ന് ഒഴിവാക്കും. അർഹർ എന്ന് പ്രാഥമികമായി കണ്ടെത്തിയവരുടെ പട്ടിക സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഇനിയും ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.