അഭയകേന്ദ്രത്തിൽ ഏഴു മാസം; അസം യുവതി ലാലിമ ബന്ധുക്കളെ കണ്ടെത്തി
text_fieldsപെരിന്തൽമണ്ണ: ഏഴു മാസത്തോളം അഭയകേന്ദ്രത്തിൽ കഴിഞ്ഞ അസം സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി. അസം ഗൊലാഖാട് സ്വദേശിനിയായ ലാലിമയെ (25) 2021 ഒക്ടോബർ 19നാണ് ഒറ്റപ്പെട്ട നിലയിൽ മേലാറ്റൂർ പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് പെരിന്തൽമണ്ണയിലെ നാഷണൽ സർവിസ് സൊസൈറ്റി 'സ്വധാർ ഗ്രഹ്' അഭയ കേന്ദ്രം ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.
ഏഴു മാസം മുമ്പ് അരീക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് ലാലിമ വഴിതെറ്റി ഒറ്റപ്പെടുന്നത്. അഭയകേന്ദ്രം പ്രവർത്തകർ മാസങ്ങളായി ഇവരുടെ ബന്ധുക്കളെ കണ്ടെത്താൻ പരിശ്രമിച്ചുവരുകയായിരുന്നു. ഇതിനിടെ കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന മാനവ് മൈഗ്രൻറ് വെൽഫെയർ ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെ പെരുമ്പാവൂരിലുള്ള ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
ഉമ്മയുടെ അനിയത്തിയും അടുത്ത ബന്ധുക്കളുമാണ് ലാലിമ പെരിന്തൽമണ്ണയിൽ ഉള്ളതറിഞ്ഞ് മൂന്നു ദിവസം മുമ്പ് എത്തിയത്. അസമിൽനിന്ന് തന്നെ ഇത്തരത്തിൽ അഭയ കേന്ദ്രത്തിലെത്തി ഏതാനും ദിവസങ്ങൾ താമസിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് ലാലിമയുടെ കുടുംബത്തെ കണ്ടെത്താൻ നിമിത്തമായത്. സ്വധാർ അഭയമന്ദിരം സൂപ്രണ്ട് കെ. രമണി, കൗൺസിലർ പി.എം അഗിത്യ, മാനവ് ഫൗണ്ടേഷൻ കോഓഡിനേറ്റർ മുഹമ്മദ് ഉമർ ഫാറൂഖ് എന്നിവർ ചേർന്ന് ലാലിമയെ ബന്ധുക്കളോടൊപ്പം യാത്രയാക്കി. ബന്ധുക്കളോടൊപ്പം അസമിലെത്തിയ ലാലിമ അഭയകേന്ദ്രത്തിലെ അധികൃതരെ ഫോൺ വഴി ബന്ധപ്പെട്ടതായും അറിയിച്ചു. പൊലീസ് മുഖേന ഏറ്റെടുത്തതിനാൽ ബന്ധുക്കൾക്ക് കൈമാറിയതും പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു. യുവതിയെ സുരക്ഷിതമായി കൈമാറാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തിലാണ് സന്നദ്ധ പ്രവർത്തകരും പൊലീസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.