പെരിന്തല്‍മണ്ണ നഗരപ്രദേശത്ത് അടച്ചിട്ട വീടുകളിൽ മോഷണശ്രമം
text_fieldsപെരിന്തല്‍മണ്ണ: നഗരത്തിെൻറ ഭാഗമായ ശാന്തിനഗര്‍, പഞ്ചമസ്കൂള്‍ റോഡ്, ചേതന റോഡ് ഭാഗങ്ങളിലായി വീടുകളിൽ മോഷണശ്രമം നടക്കുന്നതായി പരാതി. ഒന്നരമാസത്തിനിടെ ഏഴ് വീടുകളിലാണ് മോഷണശ്രമമുണ്ടായത്. വീടുപൂട്ടി രണ്ടോ മൂന്നോ ദിവസത്തേക്ക് വീട്ടുകാർ പോയ സമയത്താണ് മോഷണശ്രമം.
അലമാരകളും മറ്റും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട് വീട് അലങ്കോലപ്പെടുത്തുന്നു. കാര്യമായൊന്നും നഷ്ടപ്പെടാത്തതിനാല്‍ പലരും പരാതി നല്‍കാനും മടിക്കുന്നു. ചില വീടുകളിൽ പൊലീസെത്തി അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വീട്ടില്‍ ആളില്ലെന്ന വിവരം കൃത്യമായി മോഷ്ടാക്കൾക്ക് ലഭിക്കുന്നുണ്ടെന്നാണ് സംശയം. രണ്ടുമാസത്തിനിടെ പുത്തൂര്‍ മഹാദേവക്ഷേത്രത്തിെൻറ ഓഫിസ് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഇവിടെനിന്ന് പണവും മറ്റും നഷ്ടപ്പെട്ടിരുന്നു.
അതിന് മുമ്പ് ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ആളില്ലാതിരുന്ന വീട്ടിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. തൊട്ടടുത്ത ആഴ്ച പാതായ്ക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപയും 20 പവനോളം ആഭരണങ്ങളും കവര്‍ന്നിരുന്നു. ഈ കേസുകളിലൊന്നും ആരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ലോക് ഡൗണായതിനാല്‍ ആളുകള്‍ പുറത്തിറങ്ങാത്തതും ഇടറോഡുകളിൽ തെരുവു വിളക്കുകൾ കത്താത്തതും മോഷ്ടാക്കൾക്ക് സൗകര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.