കെൽട്രോൺ മുച്ചക്ര സ്കൂട്ടറുകൾ വിൽക്കുന്നതിനെതിരെ ഓഡിറ്റ് റിപ്പോർട്ട്
text_fieldsപെരിന്തൽമണ്ണ: ഉൽപന്നങ്ങൾ ടെൻഡർ കൂടാതെ വാങ്ങാൻ മുമ്പ് നൽകിയ അനുമതിയുടെ മറവിൽ, കെൽട്രോൺ സൈഡ് ചക്രങ്ങൾ ഘടിപ്പിച്ച സ്കൂട്ടറുകൾ വിൽക്കുന്നതിനെതിരെ ഓഡിറ്റ് റിപ്പോർട്ട്.
കെൽട്രോണിന് മാത്രം ഇത്തരത്തിൽ അനുമതി നൽകിയത് സംബന്ധിച്ചാണ് സീനിയർ ഓഡിറ്റ് ഓഫിസർ നോട്ടീസ് നൽകിയത്. കെൽട്രോൺ സ്വന്തമായി സ്കൂട്ടർ നിർമിച്ച് നൽകുന്നില്ലെന്നിരിക്കെ വശങ്ങളിൽ ചക്രങ്ങൾ ഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് പരാതി. വിഷയം ഗതാഗതവകുപ്പിന്‍റെ അഭിപ്രായത്തിന് വിട്ടു. അത് ലഭിച്ചാൽ മറുപടി നൽകും. തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണ പദ്ധതികൾക്കുള്ള സ്കൂട്ടറുകൾ കെൽട്രോണിൽനിന്നാണ് വാങ്ങുന്നത്. ഭിന്നശേഷി വിഭാഗക്കാർക്ക് ശ്രവണസഹായിയും സഞ്ചാര സഹായ ഉപകരണങ്ങളും കെൽട്രോൺ ഉൽപാദിപ്പിക്കുന്നുണ്ട്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ സ്വന്തമായി നിർമിക്കുന്ന ഉൽപന്നങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് ടെൻഡർ കൂടാതെ വാങ്ങാൻ 2016 ഡിസംബറിലാണ് അനുമതി നൽകി ഉത്തരവിറങ്ങിയത്.
ഇതുപ്രകാരം കെൽട്രോൺ സ്വയം നിർമിച്ച ഉൽപന്നങ്ങൾ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കോഓഡിനേഷൻ സമിതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമാണ മേഖലയിലുള്ള സ്ഥാപനമാണെന്നിരിക്കെ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ സ്വന്തമായി നിർമിക്കുന്നില്ലെന്നും കെൽട്രോണിന്‍റെ വെബ്സൈറ്റിൽ ഇക്കാര്യം അവകാശപ്പെടുന്നില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ വിൽക്കാൻ എല്ലാ പുതിയ വാഹനങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നൽകേണ്ടത് ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) ആണ്. മോട്ടോർ വാഹന നിയമപ്രകാരം അംഗീകരിച്ച രൂപകൽപനയിൽ മാറ്റം പാടില്ലെന്നും ഇത്തരത്തിൽ മാറ്റം വരുത്താൻ കെൽട്രോണിനെ ആരും ചുമതലപ്പെടുത്തിയില്ലെന്നുമാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.