വ്യാജരേഖയുണ്ടാക്കി പണം തട്ടിയ ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsപെരിന്തൽമണ്ണ: വ്യാജരേഖയുണ്ടാക്കി പണം തട്ടിയ ബാങ്ക് സെക്രട്ടറിയെ ഭരണസമിതി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെതിരെയാണ് നടപടിയെടുത്തത്. കമ്പ്യൂട്ടറിൽ ബാക്ക് സൈറ്റ് ലോഗിൻ ചെയ്ത് വ്യാജമായി സ്ഥിരം നിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്പയെടുത്താണ് കൃത്രിമം നടത്തിയത്. 15 ഓളം സ്ഥിരനിക്ഷേപങ്ങൾ വ്യാജമായി നിർമിച്ച് ലക്ഷങ്ങൾ തട്ടിയതായാണ് കണ്ടെത്തിയത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ പി. ഷംസുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മുമ്പും ഇതേ രീതിയിൽ ബാങ്കിൽനിന്ന് പണം തട്ടിയതിന് അന്വേഷണവും നടപടിയുമുണ്ടായിരുന്നു.
തമിഴ്നാട്ടിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്ത് തിരിമറി നടത്തിയതും സഹകരണ വകുപ്പിന് മുമ്പാകെ വന്നിരുന്നു. സസ്പെൻഡ് ചെയ്താൽ നിശ്ചിത ദിവസങ്ങൾക്കകം തുടരന്വേഷണത്തിന് പൊലീസിൽ പരാതി നൽകണം. ഏഴ് ദിവസമാണ് അതിന്റെ പരിധിയെന്നും പരാതി നൽകുമെന്നും ബാങ്ക് പ്രസിഡൻറ് ഇ.കെ. മൊയ്തീൻഹാജി അറിയിച്ചു. അതേസമയം, സഹകരണ ബാങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ അതത് ഭരണസമിതിയാണ് പൊലീസിൽ പരാതി നൽകി തുടർ നടപടി സ്വീകരിക്കേണ്ടതെന്നും ഭരണസമിതി ചെയ്തില്ലെങ്കിൽ സഹകരണ വകുപ്പ് ഇടപെട്ട് പരാതി നൽകുമെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.