പെരിന്തൽമണ്ണ നഗരസഭയിലെ കൈക്കൂലി; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാത്തതിനാലെന്ന്
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ വസ്തു ഉടമസ്ഥാവകാശം മാറ്റിക്കിട്ടാൻ അപേക്ഷകനിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവം ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ഭരണസമിതി വേണ്ടവിധം ഇടപെടാത്തതിനാലെന്ന് പരാതി. പണം നൽകിയാലേ കാര്യം നടക്കൂ എന്ന നിലയിലാണ് കാര്യങ്ങളെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടാൻ 2,000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഓൺലൈനിൽ ലഭിച്ച അപേക്ഷയുടെ വസ്തുതാപരമായ അന്വേഷണമെന്ന് പറഞ്ഞാണ് അപേക്ഷകനെ വിളിച്ചുവരുത്തിയതും കൈക്കൂലി ആവശ്യപ്പെട്ടതും.
അതേസമയം, ഇത്തരം സംഭവങ്ങൾ പലവട്ടം ആവർത്തിച്ചിട്ടുണ്ടെന്നും പരാതികളുണ്ടാവുമ്പോൾ മാത്രം പുറത്തറിയുന്നു എന്നേയുള്ളൂ എന്നുമാണ് വസ്തുത. പെരിന്തൽമണ്ണ നഗരസഭയിലെ ആരോഗ്യവിഭാഗത്തെ കുറിച്ചാണ് പരാതികളേറെയെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു.
കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭീമമായ തുക പിഴയിട്ട് സമ്മർദത്തിലാക്കുന്നത് പലപ്പോഴും കൈക്കൂലിയിൽ ചെന്നെത്തുകയാണ്. പൊതുജനങ്ങളോടും ജനപ്രതിനിധികളോടും പലപ്പോഴും മാന്യമല്ലാതെ ഇടപെടുന്ന ചില ജീവനക്കാരുണ്ടെന്നാണ് മറ്റൊരു പരാതി.
സേവനങ്ങൾ പലതും ഓൺലൈനായതോടെ ഇത്തരം ഉദ്യോഗസ്ഥർ സേവനങ്ങൾ സമയബന്ധിതമായി നൽകാതെ ബുദ്ധിമുട്ടിച്ചാണ് സമ്മർദത്തിലാക്കൽ. അതേസമയം, സേവനങ്ങൾക്ക് കൃത്യമായ വഴിയിലൂടെ വരുന്ന അപേക്ഷകൾ ഭരണസമിതിയോ കൗൺസിലോ അറിയേണ്ടതില്ല. ഇത്തരം കാര്യങ്ങൾക്ക് കൗൺസിലിന്റെ അംഗീകാരം വേണ്ടതുമില്ല.
ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാലും അതിന്റെ ചീത്തപ്പേര് ഭരണസമിതിക്കാണെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാലിന്യനീക്കത്തിന് വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ യൂസർ ഫീസ്, ഇക്കാലത്തിനിടയിൽ പിരിച്ചെടുത്ത തുക, അതിന്റെ വിനിയോഗം എന്നിവ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും ആവശ്യപ്പെടുന്നു.
തോടുകളും ഓടകളും വൃത്തിയാക്കുന്നത് അവഗണിച്ച് കടകളിൽ പരിശോധന നടത്താനാണ് ഒരു വിഭാഗം നഗരസഭ ഉദ്യോഗസ്ഥർക്ക് താൽപര്യമെന്ന് പ്രതിപക്ഷ പ്രതിനിധി പച്ചീരി ഫാറൂഖ് കുറ്റപ്പെടുത്തി. ഇതിന് ഭരണസമിയിൽ ഉത്തരവാദപ്പെട്ടവരുടെ സമ്മതമുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നഗരസഭയിൽ അകത്തും പുറത്തും ഇക്കാര്യങ്ങൾ ഉയർത്തി പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.