ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി; നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ 2000 രൂപ കൈക്കൂലി വാങ്ങവെ നഗരസഭ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. പെരിന്തൽമണ്ണ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപറമ്പിൽ എം.പി. ഉണ്ണികൃഷ്ണനെയാണ് (50) വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖും സംഘവും പിടികൂടിയത്. പെരിന്തൽമണ്ണയിലെ റിട്ട. വെറ്ററിനറി സർജൻ ഡോ. ഉസ്മാനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഇദ്ദേഹത്തിന്റെ മകൾ വാങ്ങിയ പെരിന്തൽമണ്ണ മുട്ടിങ്ങലിലെ വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടാൻ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. ഇതോടെ യഥാർഥ ഭൂരേഖകൾ പരിശോധിക്കണമെന്നും സ്ഥലവും അതിലെ കെട്ടിടവും കാണണമെന്നും രണ്ടായിരം രൂപ വേണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
പണമാവശ്യപ്പെട്ട കാര്യം വിജിലൻസിൽ അറിയിച്ച ഡോ. ഉസ്മാൻ അദ്ദേഹത്തിന്റെ കാറിൽ മുട്ടുങ്ങലിലെ സ്ഥലം കാണാൻ റവന്യൂ ഇൻസ്പെക്ടറെ കൊണ്ടുപോകുകയും പണം നൽകുകയും ചെയ്തു. പിന്നാലെയുണ്ടായിരുന്ന വിജിലൻസ് സംഘം ഉടൻ ഉണ്ണികൃഷ്ണനെ പിടികൂടി. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.