ചമ്രവട്ടം അപ്രോച്ച് റോഡിൽ ദുരിത യാത്ര
text_fieldsപൊന്നാനി: തകർന്ന് തരിപ്പണമായി പൊന്നാനി ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾ. പാലത്തിന്റെ ഇരുഭാഗത്തും തകർന്നടിഞ്ഞ റോഡുകളിലൂടെ സാഹസിക സഞ്ചാരം നടത്തുകയാണ് യാത്രക്കാർ. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിന്റെ ഇരു ഭാഗത്തും നടന്ന നിർമാണം വളരെ പെട്ടന്നാണ് തകർന്നടിഞ്ഞത്. കരാറുകാരന്റെ ലാബിലിറ്റി പിരീഡ് കഴിയുന്നതിനു മുന്മു തന്നെ പലവട്ടം തകർന്നു. തകർന്ന റോഡിൽ പല തവണ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഗ്യാരന്റി കാലാവധി തീർത്തത്. ഇപ്പോൾ പൂർണമായും തകർന്നു. കുഴിയടച്ച് കുഴിയടച്ച് കാലാവധി തീർത്ത് കരാറുകാരൻ തടിയൂരി. റോഡ് നിർമാണത്തിന്റെ പേരിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്.
ചമ്രവട്ടം പാലത്തിന്റെ പൊന്നാനി നരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിൽ ഇനി പൂട്ടുകട്ട വിരിച്ച് നവീകരിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ഈ ഭാഗത്ത് റോഡ് താഴ്ന്ന് പെട്ടെന്ന് തകർച്ച സംഭവിക്കുന്നതിനാലാണ് പൂട്ടുകട്ട വിരിച്ച് പുനർനിർമാണം നടത്തുന്നത്. കോഴിക്കോട്-എറണാകുളം റൂട്ടിലെ പ്രധാന പാതയായിട്ടു പോലും അതിവേഗം തകർച്ച പരിഹരിക്കാൻ ഇടപെടലുണ്ടാകുന്നില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന റോഡ് നിർമാണമെല്ലാം അൽപം പോലും ആയുസ്സില്ലാതെ തകർന്നടിയുകയാണ്. അഴിമതിയും നിർമാണത്തിലെ അപാകതയുമാണ് റോഡ് തകർച്ചക്ക് കാരണമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.