ബി.എസ്.എൻ.എൽ കരാർ തൊഴിലാളി സമരം ഒത്തുതീർന്നു; മൂന്നുമാസത്തെ കൂലി നൽകാൻ തീരുമാനം
text_fieldsപെരിന്തൽമണ്ണ: കൂലി കിട്ടാതെ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ ജില്ലയിൽ രണ്ട് ക്ലസ്റ്ററുകളിൽ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർന്നു. മൂന്ന് മാസത്തെ ശമ്പളത്തിൽ ഒരു മാസത്തേത് തിങ്കളാഴ്ച നൽകും. ബാക്കി രണ്ട് മാസത്തേത് ഡിസംബർ 10 നകം നൽകാനും തീരുമാനിച്ചു. തിങ്കളാഴ്ചയോടെ ഫീൽഡ് ജോലിക്കാർ ജോലിക്കിറങ്ങും.
പെരിന്തൽമണ്ണ, മക്കരപറമ്പ് ക്ലസ്റ്ററുകളിൽ 17 ടെലികോം എകസ്ചേഞ്ചുകളിൽ നവംബർ അഞ്ച് മുതലാണ് ഫീൽഡ് കരാർ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. 22 ദിവസമായി 17 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നെറ്റ് വർക്ക് തകരാറുകളും കേബിൾ ജോലികളും ചെയ്യാതെ കിടക്കുകയായിരുന്നു. ഉപഭോക്താക്കൾ വലഞ്ഞിട്ടും ബി.എസ്.എൻ.എൽ ഇടപെട്ടതുമില്ല. അറ്റകുറ്റപ്പണി കരാറെടുത്തയാളാണ് തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത്. പെരിന്തൽമണ്ണ, ഏലംകുളം, പുലാമന്തോൾ, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ, മക്കരപറമ്പ്, മൂർക്കനാട്, കൊളത്തൂർ, മങ്കട തുടങ്ങി രണ്ട് ബ്ലോക്ക് പരിധിയിലാണ് 17 ടെലികോം എക്സ്ചേഞ്ചുകൾ. രണ്ടു വർഷത്തോളം മുമ്പാണ് ഇപ്പോൾ കരാറെടുത്തയാൾ അറ്റകുറ്റപ്പണി ഏറ്റെടുത്തത്.
ബി.എസ്.എൻ.എല്ലിൽ നിന്ന് സമയത്തിന് പണം ലഭിക്കാത്തതിനാണ് തൊഴിലാളികൾക്ക് കൂലി നൽകാനാവാത്തതെന്ന് കരാറുകാരൻ ചർച്ചയിൽ വ്യക്തമാക്കി. സി.ഐ.ടി.യുറ ആഭിമുഖ്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. ഇവർക്ക് ബി.എസ്.എൻ.എല്ലുമായി നേരിട്ട് ബന്ധമില്ല. രണ്ട് ക്ലസ്റ്ററുകളിൽ 9900 ഉപഭോക്താക്കളുണ്ടായിരുന്നത് കൃത്യമായ സേവനം ലഭിക്കാത്തതിനാൽ ഇപ്പോൾ 5000 ആയി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.