വയോധികനെ സ്റ്റോപ്പിൽ ഇറക്കിയില്ല; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsപെരിന്തൽമണ്ണ: വയോധികനായ യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്റ്റോപ്പിൽ ഇറക്കിയെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. മലപ്പുറം ആർ.ടി.ഒ ഡി. റഫീക്കിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ സബ് ആർ.ടി.ഒ എം. രമേശാണ് ലൈസൻസ് റദ്ദാക്കിയത്. പെരിന്തൽമണ്ണ പൂപ്പലം മനഴി ടാറ്റാനഗർ സ്വദേശിയാണ് പരാതി നൽകിയത്.
ഒക്ടോബർ ഒമ്പതിന് വൈകിട്ട് 4.40ന് പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂരിൽ പോകുന്ന ബസിലാണ് വയോധികൻ കയറിയത്.
വളാഞ്ചേരിയിൽ നടന്ന സീനിയർ സിറ്റിസൺ കൺവെൻഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. മുൻപുള്ള എല്ലാ സ്റ്റോപ്പിലും നിർത്തിയ ബസ് ആവശ്യപ്പെട്ടെങ്കിലും ടാറ്റാ നഗർ സ്റ്റോപ്പിൽ നിർത്താതെ അടുത്ത സ്റ്റോപ്പിലാണ് നിർത്തിയത്.
ഇക്കാര്യം വിശദീകരിച്ചാണ് യാത്രക്കാരൻ പെരിന്തൽമണ്ണ സബ് ആർ.ടി.ഒക്ക് പരാതി നൽകിയത്. അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ മയിൽരാജിന്റെ അന്വേഷണത്തിൽ പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതോടെയാണ് ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കിയത്. ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസിലും പങ്കെടുത്ത ശേഷമേ ലൈസൻസ് പുനസ്ഥാപിക്കൂവെന്ന് സബ് ആർ.ടി.ഒ അറിയിച്ചു. ഇതേ ബസിലെ കണ്ടക്ടർക്ക് ലൈസൻസില്ലായിരുന്നു. അതിനെതിരെ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.