രേഖകളിൽ ഉള്ളതിനേക്കാൾ രാസവളം; ലോറി പിടികൂടി
text_fieldsപെരിന്തൽമണ്ണ: രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജി.എസ്.ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി.
ഓഫിസർ പി. ജയപ്രകാശ്, അസി. എൻഫോഴ്സ്മെന്റ് ഓഫിസർ പി.ടി. മനോജ് കുമാർ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നാടുകാണിച്ചുരത്തിൽ വെച്ച് ലോറി പിടികൂടിയത്.
25,000 കിലോ എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27, 000 കിലോ ഭാരമുള്ളതായി കണ്ടെത്തി. ലോറിയിലുള്ളത് അമോണിയം കാർബോമേറ്റ് എന്നാണ് രേഖകളിൽ കാണിച്ചിരുന്നത്.
എന്നാലിത് യൂറിയ ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേതുടർന്ന് ലോറി കസ്റ്റഡിയിലെടുത്ത് വിശദ പരിശോധനക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റി. ലോറിയിലുള്ളത് കാർഷികാവശ്യത്തിനുള്ള സിഡൈസ്ഡ് യൂറിയ ആവാമെന്ന സംശയത്തിൽ ക്വാളിറ്റി കൺട്രോൾ അസി. ഡയറക്ടർ എ.ജെ. വിവെൻസി, പെരിന്തൽമണ്ണ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഷുഹൈബ് തൊട്ടിയാൻ, പെരിന്തൽമണ്ണ കൃഷി ഓഫിസറും രാസവള പരിശോധനാ ഉദ്യോഗസ്ഥയുമായ ടി. രജീനാ വാസുദേവൻ എന്നിവരടങ്ങിയ സംഘവും പരിശോധന നടത്തി.
സാമ്പിളുകൾ പട്ടാമ്പി ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് പരിശോധനക്ക് അയച്ചു.
ലോറി എൻഫോഴ്സ്മെന്റ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. സാമ്പിളിന്റെ പരിശോധന ഫലം വന്നശേഷം കാർഷികാവശ്യത്തിനുള്ള സബ്സിഡൈസ്ഡ് യൂറിയ ആണെന്ന് തെളിഞ്ഞാൽ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.