സി.ഐ.ടി.യു ജില്ല സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും ഇന്ന്
text_fieldsപെരിന്തൽമണ്ണ: സി.ഐ.ടി.യു 15ാം ജില്ല സമ്മേളനത്തിന് അങ്ങാടിപ്പുറത്ത് തുടക്കമായി. അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. ശശികുമാർ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ല നവാസ് സ്വാഗതം പറഞ്ഞു. വി. ശശികുമാർ രക്തസാക്ഷി പ്രമേയവും പി.എം. വാഹിദ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ കെ.പി. സഹദേവൻ, പി.പി. പ്രേമ, ധന്യ ആബിദ്, വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ എന്നിവർ പങ്കെടുത്തു.
മുൻ ജില്ല കമ്മിറ്റി ഭാരവാഹികളായ ടി.കെ. ഹംസ, കെ.ടി. സെയ്ത്, കൃഷ്ണൻ നായർ, ചിന്നക്കുട്ടൻ, പി.ജി. ഗംഗാധരൻ എന്നിവരെ പി. നന്ദകുമാർ എം.എൽ.എ ആദരിച്ചു. ജില്ല സെക്രട്ടറി വി.പി. സക്കറിയ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. രാമദാസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.
സംഘടന റിപ്പോർട്ടിലും പ്രവർത്തന റിപ്പോർട്ടിലും വിശദ ചർച്ച നടന്നു. ചർച്ചക്ക് ബന്ധപ്പെട്ടവർ ഞായറാഴ്ച മറുപടി നൽകും. പുതിയ ജില്ല കമ്മിറ്റിയെ ഞായറാഴ്ച തെരഞ്ഞെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് ഓരാടംപാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു സമീപം മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് മതനിരപേക്ഷത എന്ന വാക്കിനുപോലും നിരോധനം വന്ന പ്രതീതി -കെ.കെ. ദിവാകരൻ
പെരിന്തൽമണ്ണ: ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം മതനിരപേക്ഷത എന്ന വാക്കുപോലും നിരോധിച്ച പ്രതീതിയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരൻ. അങ്ങാടിപ്പുറത്ത് സി.ഐ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയാണ് മുഖമുദ്ര. പൗരത്വ നിയമ ഭേദഗതിയടക്കം ഇതിന്റെ ഭാഗമാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ ഏറ്റവും ഭയാനകമായ മുഖം പ്രകടമാണ്. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണവും സാമ്പത്തിക അന്തരവും വർധിച്ചു. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിൽ ഭീകരമായ വിധത്തിൽ പിടികൂടിയിട്ടുണ്ട്. 23 വർഷംകൊണ്ട് ഉണ്ടാക്കാനാവാത്ത ലാഭമാണ് കോവിഡ് കാലത്ത് ചില കോർപറേറ്റ് കമ്പനികളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.