അപകടമണയുംമുമ്പ് കണ്ണുതുറക്കുമോ അധികൃതർ?
text_fieldsപെരിന്തൽമണ്ണ: മണ്ണിടിച്ചിടലും ഉരുൾപൊട്ടലും കേൾക്കുമ്പോൾ മാത്രം ചർച്ചയാവുകയാണ് പെരിന്തൽമണ്ണ താലൂക്കിലെ ആദിവാസി കുടുംബങ്ങളുടെ പരാതികൾ. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ ദേശീയപാതയിൽ നിന്ന് ഉള്ളിലേക്ക് ചെങ്കുത്തായ മലയിലാണ് പാണമ്പി ഇടിഞ്ഞാടി. ഇവിടെ ഒമ്പത് കുടുംബങ്ങളാണ്. ഇടിഞ്ഞാടിയിലും ആറംകുന്നിലുമുള്ള കുടുംബങ്ങളെ ദിവസങ്ങൾ മുമ്പ് മാറ്റിപ്പാർപ്പിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തിയെങ്കിലും ആറംകുന്നിലുള്ളവർ ഇറങ്ങിയില്ല.
2018 മുതൽ ഇവരെ മഴക്കാലത്ത് മാറ്റിപ്പാർപ്പിക്കുകയാണ്. താഴേക്കോട് മുള്ളൻമടയിൽ പത്ത് കുടുംബങ്ങളുള്ളതിൽ ഇനിയും രണ്ടു വീട് വേണം. മേലേച്ചേരിയിൽ 17 കുടുംബങ്ങളുള്ളതിൽ തീരെ വീടില്ലാത്തവർ മൂന്നു കുടുംബങ്ങളാണ്. മാട്ടറയിൽ അഞ്ച് ആദിവാസി കുടുംബങ്ങളുള്ളതിൽ രണ്ടു പതിറ്റാണ്ടിലേറെ മുമ്പ് അനുവദിച്ച വീടാണ് നാലു കുടുംബങ്ങൾക്ക്. ആറംകുന്നും ഇടിഞ്ഞാടിയും ചെങ്കുത്തായ മലഞ്ചെരിവിവിലാണ്. ഇടിഞ്ഞാടിയിൽ 2019ൽ ഉരുൾപൊട്ടലുണ്ടായിരുന്നു.
ദേശീയപാതയിൽനിന്ന് അധികം ദൂരയല്ലാതെയാണ് താഴേക്കോട്ടെ കുടുംബങ്ങൾ. വാസയോഗ്യമായ വീടും കുട്ടികൾക്ക് വിദ്യാഭ്യാസവും വേണ്ട രൂപത്തിൽ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. ഇവിടെയുള്ള കുടുംബങ്ങളിലെ കുട്ടികൾ പെരിന്തൽമണ്ണയിലെ സായി സ്നേഹ തീരം ഹോസ്റ്റലിൽ താമസിച്ച് സമീപത്തെ സർക്കാർ സ്കൂളിൽ പഠിക്കുന്നത് കൊണ്ട് വിദ്യാഭ്യാസം മുടങ്ങുന്നില്ല. ഐ.ടി.ഡി.പി കണക്കിൽ 50 കുടുംബങ്ങളാണ് താഴേക്കോട് പഞ്ചായത്തിൽ. ആധാർകാർഡും മറ്റു വ്യക്തിരേഖകളുമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ക്ഷേമ പെൻഷനും വിധവ പെൻഷനുമടക്കം ലഭിക്കാതെ പോവുന്നു.
15 പേർക്ക് ഇത്തരത്തിൽ ആധാറില്ലാത്തതിനാൽ ക്ഷേമ പെൻഷൻ കിട്ടുന്നില്ല. ജാതി സർട്ടിഫിക്കറ്റിനും അലയുന്നു. ഒരു വീട്ടിൽ രണ്ടു പേർക്ക് ജാതി സർട്ടിഫിക്കറ്റുണ്ടായിട്ടും മൂന്നാമത്തെ കുട്ടിക്ക് സർട്ടിഫിക്കറ്റില്ലാത്ത സ്ഥിതിയുണ്ട്. നേരത്തെ കിർത്താഡ്സ് പുറത്തിറക്കിയ പട്ടികയിൽ രക്ഷിതാക്കളുടെ പേരില്ലാത്തതാണ് പറയുന്ന കാരണം. ജനന സർട്ടിഫിക്കറ്റിനും കാത്തിരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിൽ ഇത് പരാതിയായിരുന്നു. എന്നാൽ പരാതികൾ അതേ പോലെ തുടരുന്നു. താലൂക്കിൽ 90 ആദിവാസി കുടുംബങ്ങളാണ്. മങ്കടയിൽ -എട്ട്, എടപ്പറ്റ മൂനായിടിൽ -20, വെട്ടത്തൂർ മണ്ണാർമലയിൽ -നാല്, പുലാമന്തോൾ ചീരട്ടാമലയിൽ -നാല് എന്നിങ്ങനെയും കീഴാറ്റൂർ മന്ദംകുണ്ടടക്കം ചില മേഖലയിൽ ഒറ്റപ്പെട്ടും ആദിവാസികുടുംബങ്ങളുണ്ട്.
പണമനുവദിച്ചിട്ട് ആറു വർഷം; ആദിവാസി ഭവന പദ്ധതി ഇഴയുന്നു
താഴേക്കോട്: പാണമ്പി ഇടിഞ്ഞാടിയിലെ കുടുംബങ്ങൾക്ക് പുതുതായി ഭൂമി വാങ്ങി വീടുനിർമിക്കുന്ന പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്. ഈ മഴക്കാലത്തിന് മുമ്പെങ്കിലും കുടുംബങ്ങളെ അതിലേക്ക് മാറ്റി താമസിപ്പിക്കാൻ കഴിയണമെന്നായിരുന്നു ആവശ്യം. എന്നാൽ ചുവപ്പുനാടയിൽ കുരുങ്ങി ഇത് നീണ്ടുപോയി. ആദിവാസി ക്ഷേമ വകുപ്പിന്റെ 20 ലക്ഷം രൂപ കൂടി പദ്ധതിക്ക് ലഭ്യമാവണം.
നേരത്തെ സർക്കാർ അനുവദിച്ച വീടു പൂർത്തിയായാലേ ഐ.ടി.ഡി.പി ഫണ്ട് ലഭിക്കൂ. 2018ൽ ജില്ല കലക്ടർ വഴി റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു കോടി രൂപ അനുവദിച്ച് പുനരധിവസിപ്പിക്കാൻ ആരംഭിച്ചതാണ്. അഞ്ചു വർഷം കാത്തിരുന്ന ശേഷമാണ് ഇവർക്ക് ഭൂമി വാങ്ങാനായത്. നിലത്ത് ഓലമെടൽ കുത്തി നിർത്തിയും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞുമാണ് കനത്ത മഴയിലും ഈ കുടുംബങ്ങൾ കഴിയുന്നത്.
താഴേക്കോട് പഞ്ചായത്തിൽത്തന്നെ സമാന രീതിയിലാണ് ആറംകുന്നിലെ പത്ത് ആദിവാസി കുടുംബങ്ങൾ. ഇവിടെ നാലു കുടുംബങ്ങൾക്ക് 2003ൽ ലഭിച്ച വീടുണ്ട്. നിലവിൽ ഏഴു കുടുംബങ്ങൾക്ക് കൂടി വാസയോഗ്യമായ വീട് വേണം. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി ആരംഭിച്ചിട്ടില്ല. ഇവിടെയുള്ളവർക്ക് വീട് വെച്ച ശേഷം ബാക്കി തുകക്ക് പാണമ്പിയിൽ പുതുതായി ഭൂമി ഏറ്റെടുത്ത് നിർമിക്കുന്ന വീടുകൾക്ക് ചുറ്റുമതിൽ നിർമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.