ഏഴുകോടി ചെലവിൽ തുടങ്ങിവെച്ച ഓഡിറ്റോറിയം: നിർമാണം പാതിവഴിയിൽ നിലച്ചിട്ട് രണ്ടുവർഷം
text_fieldsപെരിന്തൽമണ്ണ: ഏഴുകോടി ചെലവിൽ പെരിന്തൽമണ്ണയിൽ നിർമാണം തുടങ്ങിവെച്ച ആധുനിക കൺവെൻഷൻ സെൻറർ പണമില്ലാതെ പാതിവഴിയിൽ. നഗരസഭയുടെ 25ാം വാർഷിക ഭാഗമായാണ് രജത ജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്ക് തുടക്കമിട്ടത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.ഐ.സി.ടി.ആർ.സി.എഫിനാണ് നിർമാണച്ചുമതല നൽകിയത്. ഓഡിറ്റോറിയത്തിെൻറ ഭാഗമായി മുകൾനില വലിയ തൂണുകളായി നിൽക്കുകയാണ്.
മൂന്നുനിലകളിൽ 22,714 സ്ക്വയർ ഫീറ്റാണിത് വരുക. ബേസ്മെന്റ് ഫ്ലോറിൽ 50 കാറുകളും 200ഓളം ഇരുചക്രവാഹനങ്ങളും നിർത്താനാവുന്ന സൗകര്യങ്ങളും ഗ്രൗണ്ട് ഫ്ലോറിൽ 250 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ, കിച്ചൺ എന്നിവയും പണിയും. ഒന്നാം നിലയിൽ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് രൂപകൽപന ചെയ്തത്. പൂർത്തിയാക്കാൻ പണമില്ലാത്തതാണ് കാരണം. സാമ്പത്തിക ഞെരുക്കം കാരണം നഗരസഭയിലെ ആറ് സെക്യൂരിറ്റി ജീവനക്കാരെ വരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് ഒന്നാംഘട്ടം ആരംഭിച്ച് സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങിയത്.
നിക്ഷേപ സംഗമത്തിലൂടെ വരുമാനം കണ്ടെത്തി പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള തീരുമാന ഭാഗമായാണ് പഴകിദ്രവിച്ച് തുടങ്ങിയ ടൗൺ ഹാൾ പൊളിച്ച് നവീനമാതൃകയിൽ പണിയാൻ തീരുമാനിച്ചത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ആധുനിക ഇൻഡോർ മാർക്കറ്റ് എന്നിവകളിൽ വ്യാപാര പ്രധാനമായ മുറികൾ ലേലത്തിൽ നൽകി മുൻകൂർ പണം കണ്ടെത്തുന്നതായിരുന്നു നിക്ഷേപ സംഗമം. 13ാം പഞ്ചവത്സര പദ്ധതിയിൽ ഉയർന്ന നിർദേശമാണ് പുതിയ കൺവെൻഷൻ സെന്റർ.
അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കും
പെരിന്തൽമണ്ണ: ഏഴുകോടിയുടെ ടൗൺ ഹാൾ നിർമാണം ഫണ്ട് ലഭ്യതയുടെ പരിമിതിയിൽ നിലച്ചതാണെന്നും അടുത്ത സാമ്പത്തിക വർഷം പദ്ധതി പൂർത്തിയാക്കാനാവുമെന്നും നഗരസഭ ചെയർമാൻ. മാർച്ചിന് ശേഷം നടത്തേണ്ട പ്രവർത്തനങ്ങളിൽ ഇതുണ്ടാവും. നഗരസഭയുടെ ഓൺഫണ്ട് മുൻനിർത്തി തയാറാക്കിയതാണ് പദ്ധതി. പൂർത്തിയാക്കാൻ മൂന്നുകോടി കൂടി വേണം. നഗരത്തിൽ ടൗൺ ഹാൾ അനിവാര്യമായും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.