സ്കൂള്‍ വിദ്യാർഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും
text_fieldsമലപ്പുറം: ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന് വെള്ളിയാഴ്ച തുടക്കമാകും. 12 മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാർഥികള്‍ക്കും വാക്സിനേഷന് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷാസന്ദേശം നല്‍കും.
സ്കൂളുകളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ-എസ്.എം.സി ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ ബോധവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുട്ടികളുടെ വാക്സിനേഷന് കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനും കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി.
അംഗൻവാടി വർക്കര്‍മാരുടെയും എസ്.സി പ്രമോട്ടര്‍മാരുടെയും സഹായവും ഉറപ്പാക്കും. സ്കൂള്‍ കുട്ടികളുടെ വാക്സിനേഷന് വേഗത്തിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ വെള്ളിയാഴ്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലും യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കും.
കോവിഡ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് നേരത്തേ രൂപവത്കരിച്ച സ്കൂള്‍, ഉപജില്ല, ജില്ലതല സമിതികള്‍ സജീവമാക്കാനും കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് കൂടിയാലോചന നടത്താനും കലക്ടര്‍ നിര്‍ദേശം നല്കി. പ്രതിദിനം വാക്സിനെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ ഡി.എം.ഒ ഓഫിസിലേക്ക് നല്‍കണമെന്നും ആരോഗ്യകാരണങ്ങളാല്‍ വാക്സിന് സ്വീകരിക്കാനാകാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്ക്കൊപ്പം സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ വാക്സിനേഷന് കണക്ക് നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
സ്കൂള്‍ കുട്ടികളുടെ വാക്സിനേഷന് ത്വരിതപ്പെടുത്താന്‍ ജനപ്രതിനിധികൾ സഹകരിക്കണമെന്നും ഈ മാസം 30നകം പരമാവധി വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.