സി.പി.എം അച്ചടക്ക നടപടി: മൂന്നുപേർ പാർലമെൻററി ഘടനയിൽ ഇരുന്നവർ
text_fieldsപെരിന്തൽമണ്ണ: നിയമസഭ തെരഞ്ഞെടുപ്പിൽ നാമമാത്ര വോട്ടുകൾക്ക് പെരിന്തൽമണ്ണയിൽ തോൽവിയേറ്റു വാങ്ങിയതിെൻറ വീഴ്ച ചുമത്തി സി.പി.എം നടപടിയെടുത്ത ഏഴുപേരിൽ പ്രമുഖരായ മൂന്നുപേരും പാർലമെൻററി സംവിധാനത്തിൽ അഞ്ചുവർഷം വീതം ഇരുന്നവർ. നടപടിക്കിരയായ വി. ശശികുമാർ 2006 മുതൽ അഞ്ചുവർഷം പെരിന്തൽമണ്ണയിൽ എം.എൽ.എയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമാണ്. സി. ദിവാകരൻ 2005 മുതൽ 2010 വരെ പെരിന്തൽമണ്ണ നഗരസഭ ചെയർമാനും ഇപ്പോൾ പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് ചെയർമാനും സഹകരണ പെൻഷൻ ബോർഡ് ചെയർമാനുമാണ്. ഏരിയ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ എം. മുഹമ്മദ് സലീം 2015 മുതൽ അഞ്ചുവർഷം പെരിന്തൽമണ്ണ നഗരസഭ ചെയർമാനും അതിനു മുമ്പ് വൈസ് ചെയർമാനുമായിരുന്നു.
അതേസമയം, ജില്ലയിലെ മുതിർന്ന നേതാക്കളടക്കമുള്ളവർക്ക് നേരെ സി.പി.എം കൈക്കൊണ്ട അച്ചടക്കത്തിെൻറ വാൾ, സമ്മേളനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ അച്ചടക്കരാഹിത്യത്തിനെതിരായ കടുത്ത മുന്നറിയിപ്പുകൂടിയായും കണക്കാക്കുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്ന് പെരിന്തൽമണ്ണ മണ്ഡലം തിരികെ പിടിച്ചെടുക്കാൻ കൃത്യമായി ആസൂത്രണങ്ങളോടെ പാർട്ടി മുന്നോട്ടുപോവുന്നതിനിടെയാണ് മുൻ മുസ്ലിം ലീഗുകാരൻ കൂടിയായ കെ.പി.എം. മുസ്തഫയെ ഇടത് സ്വതന്ത്രനാക്കിയത്. എം. മുഹമ്മദ് സലീം പെരിന്തൽമണ്ണയിൽ നിയമസഭ സ്ഥാനാർഥിയായി വരുമെന്ന് പാർട്ടി അണികളിലടക്കം ചർച്ചയുണ്ടായിരുന്നു.
അഞ്ചുവർഷം കൊണ്ട് അഞ്ചുകോടിയുടെ വികസന പദ്ധതികൾ നടപ്പാക്കിയെന്ന പേരും മികച്ച സംഘാടകനെന്ന വിശേഷണവും ഇതിന് ആക്കം കൂട്ടി. എന്നാൽ, സ്ഥാനർഥി പ്രഖ്യാപനം വന്നപ്പോൾ പുറമേക്ക് പൊട്ടിത്തെറികളുണ്ടായില്ലെങ്കിലും പാർട്ടി ഘടകങ്ങളും ഒരുവിഭാഗം അണികളുമടക്കം നിരാശയിലായിരുന്നു. സിറ്റിങ് എം.എൽ.എ മഞ്ഞളാംകുഴി അലി മണ്ഡലം മാറിയതോടെ ഇടതുപക്ഷത്തിന് വിജയിക്കാമെന്ന പ്രതീക്ഷയും വന്നിരുന്നു. നാമമാത്ര വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ ചില ഘടകങ്ങളും ഭാരവാഹികളും നിഷ്ക്രിയരായെന്ന് പാർട്ടി പൊതുവിൽ വിലയിരുത്തി. തുടർന്നാണ് വസ്തുതാന്വേഷണത്തിന് രണ്ടംഗ കമീഷനെ വെക്കുന്നത്. കമീഷൻ നൽകിയ റിപ്പോർട്ടിൽ പെരിന്തൽമണ്ണ ഏരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ടുപേരുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞിരുന്നെങ്കിലും മുതിർന്ന ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളുടെ പേരിൽ നടപടി പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിക്ക് നൽകാൻ തയാറാക്കിയ കുറിപ്പ് മാധ്യമ വാർത്തയായതാണ് പെരിന്തൽമണ്ണ ഏരിയയിൽ ഉള്ള അംഗം അല്ലാതിരുന്നിട്ടും വി. ശശികുമാറിന് വിനയായത്.
അച്ചടക്ക നടപടി പാർട്ടി സമ്മേളനങ്ങൾ നടക്കെെവ
പെരിന്തൽമണ്ണ: മുതിർന്ന രണ്ട് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ അടക്കം അഞ്ചുപേരെ തരം താഴ്ത്തുകയും രണ്ടുപേരെ താക്കീത് നൽകുകയും ചെയ്ത സി.പി.എം അച്ചടക്ക നടപടിവരുന്നത് പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ. സെപ്റ്റംബർ 18 മുതൽ പെരിന്തൽമണ്ണ ഏരിയയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നുവരുകയാണ്.
സംസ്ഥാനത്ത് ഇടതുപക്ഷം ചരിത്രവിജയം നേടിയപ്പോഴും പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് തോൽവിയും ചില മേഖലകളുടെ നിഷ്ക്രിയത്വവും സമ്മേളനങ്ങൾക്ക് മുമ്പേ ചർച്ചയായിരുന്നു. ഇതിനകം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇത് ചർച്ചയായിട്ടുണ്ട്. പെരിന്തൽമണ്ണ നഗരസഭയിൽ മൂന്നും പുലാമന്തോൾ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ രണ്ടുവീതവും ഏലംകുളം, വെട്ടത്തൂർ, താഴേക്കോട്, മേലാറ്റൂർ എന്നീ പഞ്ചായത്തുകളിൽ ഒരോന്നു വീതവുമാണ് ലോക്കൽ കമ്മിറ്റികൾ. ഒക്ടോബർ 15ഒാടെ ബ്രാഞ്ച് സമ്മേളനങ്ങൾ അവസാനിക്കുകയും ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുകയും ചെയ്യും. തുടർന്നുള്ള സമ്മേളനങ്ങളിൽ പാർട്ടിയുടെ അച്ചടക്ക നടപടിയും അതിലേക്ക് നയിച്ച കാര്യങ്ങളും ചർച്ചയാവാനാണിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.