ജാസ്മിന്‍റെയും മുഹമ്മദിന്‍റെയും ദാമ്പത്യജീവിതത്തിന് ക്രൂര പര്യവസാനം
text_fieldsകീഴാറ്റൂർ: കീഴാറ്റൂരിൽ ഗുഡ്സ് ഓട്ടോയിൽ ഭർത്താവ് തീകൊളുത്തിയതിനെത്തുടർന്ന് ദാരുണമരണത്തിനിരയായ ജാസ്മിന്‍റെയും ഭർത്താവ് മുഹമ്മദിന്‍റെയും 20 വർഷത്തെ ഇണങ്ങിയും പിണങ്ങിയുമുള്ള ദാമ്പത്യ ജീവിതത്തിനാണ് ക്രൂരമായ പര്യവസാനമായത്. ജാസ്മിനെ വിവാഹം ചെയ്തശേഷം മുഹമ്മദ് തുവ്വൂർ ഐലാശ്ശേരിയിൽനിന്ന് ഒരു വിവാഹം കൂടി കഴിച്ചിരുന്നു. അതിൽ രണ്ട് കുട്ടികളുണ്ട്. ജാസ്മിന് മൂത്ത മകൾ ഫർഷിദ ജാൻ (19) ജനിച്ച ശേഷമായിരുന്നു ഇത്.
ഇതോടെ കുടുംബപ്രശ്നങ്ങളുണ്ടാവുകയും ജാസ്മിൻ മകളെയും കൊണ്ട് സ്വന്തം വീട്ടിൽവന്ന് നിൽക്കാൻ തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ വിവാഹം കഴിച്ചശേഷം മുഹമ്മദ് കാസർകോട്ട് മത്സ്യക്കച്ചവടവുമായി കുടുംബത്തോടൊപ്പം താമസിച്ചുവരുകയായിരുന്നു. ആ ബന്ധം കേസിനെ തുടർന്ന് വേർപിരിയുകയും ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ വിധിയാവുകയും ചെയ്തിരുന്നു. ഇതിനുശേഷം ജാസ്മിനെയും മകളെയും കൂട്ടിക്കൊണ്ടുപോയി.
ഇനി കൂടെ പോകേണ്ടെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും മൂത്ത മകളുടെ ഭാവിയോർത്താണ് ജാസ്മിൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു. അതിനുശേഷമാണ് രണ്ട് കുട്ടികൾ കൂടി ജനിച്ചത്. ജാസ്മിന്‍റെ പിതാവ് അബൂബക്കർ ഒരുവർഷമായി സംസാരിക്കാൻ കഴിയാത്ത വിധത്തിൽ കിടപ്പിലാണ്. ഭർത്താവുമായി കാര്യമായ തർക്കങ്ങളുള്ളതായി അടുത്തിടെയൊന്നും ജാസ്മിൻ പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.