ബസിൽനിന്ന് വീണ് കണ്ടക്ടറുടെ മരണം; ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങാവാൻ 70 ബസുകളും ജീവനക്കാരും
text_fieldsപെരിന്തൽമണ്ണ: സർവിസിനിടെ ബസിൽനിന്ന് വീണ് മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങാവാൻ ഒത്തൊരുമിച്ച് പെരിന്തൽമണ്ണ വഴി സർവിസ് നടത്തുന്ന 70 ഓളം ബസുകളിലെ ജീവനക്കാർ. ജീവനക്കാരുടെ കൂലിയടക്കം ഒരു ദിവസത്തെ കലക്ഷൻ ഇവർ കുടുംബ സഹായ നിധിയിലേക്ക് മാറ്റിവെക്കുകയാണ്. ആദ്യദിവസമായ തിങ്കളാഴ്ച മികച്ച പ്രതികരണമാണ് യാത്രികരിൽനിന്നുണ്ടായത്. മൂന്നു ദിവസങ്ങളിലായാണ് ഇത്രയേറെ ബസുകളും ജീവനക്കാരും ഉദ്യമത്തിൽ പങ്കാളികളാവുന്നത്.
നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53ാം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബു (38) പെരിന്തൽമണ്ണയിൽ ബസിൽനിന്ന് വീണ് ഗുരുതരരമായി പരിക്കേറ്റത്. 15ന് മരണപ്പെട്ടു. പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ബസിന്റെ വാതിലിൽ നിന്ന് റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ഭാര്യയും മൂന്നു ചെറിയ മക്കളുമാണ് കുടുംബം.
തിങ്കളാഴ്ച 30 ബസുകൾ സർവീസ് നടത്തിയതായി ജീവനക്കാർ പറഞ്ഞു. വിദ്യാർഥികൾ അടക്കം ഫുൾ ചാർജും അവരുടെ വിഹിതവും ചേർത്താണ് നൽകിയത്. പെരിന്തൽമണ്ണയിൽനിന്ന് മണ്ണാർക്കാട്, ആലിപ്പറമ്പ്, ചെത്തല്ലൂർ, മുറിയംകണ്ണി, കരിങ്കല്ലത്താണി വഴി ചെറുപ്പുളശ്ശേരി റൂട്ടുകളിൽ ഓടുന്ന 30 ഓളം ബസ്സുകളാണ് തിങ്കളാഴ്ച ഉദ്യമത്തിൽ പങ്കാളികളായത്. കോഴിക്കോട് -പാലക്കാട് റൂട്ടിൽ ഓടുന്ന പത്തോളം ബസ്സുകൾ ബുധനാഴ്ചയും പെരിന്തൽമണ്ണ പരിസരപ്രദേശത്തേക്കുള്ള റൂട്ടുകളിൽ ഓടുന്ന മുപ്പതോളം ബസ്സുകൾ വ്യാഴാഴ്ചയും ഇതേ ആവശ്യത്തിനായി സർവീസ് നടത്തും.
കുടുംബസഹായനിധിക്കായി രൂപവത്കരിച്ച കമ്മിറ്റി കൺവീനർ മാടാല മുഹമ്മദലിയും ചെയർമാൻ സഫ്വാന മുഹമ്മദലിയുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. തിങ്കളാഴ്ച നടന്ന കളക്ഷന് പി.കെ.ബി വിശ്വനാഥൻ, ഫൈസൽ കസ്തൂരി, സനൂപ് ചോലമുഖത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.