ആർ.സി.എച്ച് ഓഫിസർക്ക് തിരുവനന്തപുരത്ത് നിയമനം: ജില്ലയിൽ ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ കുറവ്
text_fieldsപെരിന്തൽമണ്ണ: ജനസംഖ്യക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലയിൽ ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരത്ത് മെഡിക്കൽ സർവിസസ് കോർപറേഷനിൽ (കെ.എം.സി.എൽ) വർക്ക് അറേഞ്ച്മെൻറിൽ നിയമിച്ച് ഉത്തരവ്. ഇതോടെ ജില്ലക്ക് ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ സേവനം കുറയും. ഡോ. ഷിബുലാലിനാണ് പകരം ചുമതല മാറ്റി നൽകിയത്. നിലവിൽ ആർ.സി.എച്ച് ഓഫിസറുടെ സേവനമാണ് അദ്ദേഹം ചെയ്തിരുന്നത്.
ഇദ്ദേഹത്തെ വർക്ക് അറേഞ്ച്മെൻറിൽ ചുമതല നൽകാനായി മാത്രം ഒഴിഞ്ഞുകിടന്ന ഡെപ്യൂട്ടി ഡി.എം.ഒ (ജനറൽ) തസ്തികയിലേക്ക് മാറ്റി. തുടർന്നാണ് കെ.എം.സി.എൽ ജനറൽ മാനേജരാക്കി ചുമതല നൽകിയത്. പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, ജൂനിയർ കൺസൽട്ടൻറായ ഡോ. ഷിബുലാലിനെ എൻ.ആർ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസറായി വർക്ക് അറേഞ്ച്മെൻറിൽ നിയമിച്ചിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒ ജനറൽ തസ്തിക ജില്ലയിൽ കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം ആർ.സി.എച്ച് ഓഫിസറുടെ തസ്തികയും ഒഴിഞ്ഞു. വർക്ക് അറേഞ്ച്മെൻറിൽ മറ്റൊരു ഡോക്ടർക്ക് ചുമതല നൽകി കുറവ് നികത്തുമെങ്കിലും ജില്ലക്ക് പുറത്ത് പോയ ഒഴിവ് നികത്താതെ കിടക്കും.
ജില്ലയിൽ ആരോഗ്യവകുപ്പിൽ വലിയ ജോലിഭാരമുള്ള രണ്ട് തസ്തികകളാണ് ജില്ല മെഡിക്കൽ ഓഫിസറുടെതും ജില്ല പ്രജനനശിശുരോഗം (ആർ.സി.എച്ച്) ഓഫിസറുടേതും. സ്വകാര്യാശുപത്രികളിലടക്കം നടക്കുന്ന സ്കാനിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതലയും ആർ.സി.എച്ച് ഓഫിസർക്കാണ്. മൂന്ന് ജില്ല ആശുപത്രികളുടെ പ്രവർത്തനം, പ്രതിരോധകുത്തിവെപ്പ്, തീരദേശ-ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം മറ്റ് ജില്ലകളെ അപേക്ഷിച്ച് ജോലി കൂടുതലാണ് മലപ്പുറത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.